കുഷാഖിന്റെ ഇന്ത്യയിലെ നിര്‍മ്മാണം ആരംഭിച്ച് സ്‌കോഡ

ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ കോംപാക്ട് എസ്‌യുവി കുഷാഖ് ഈ മാര്‍ച്ചിലാണ് അവതരിപ്പിക്കുന്നത്. ഇന്ത്യ 2.0 പ്രോജക്ടിന്റെ ഭാഗമായി സ്‌കോഡ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ കാറാണ് കുഷാഖ്.

രാജ്യത്തെ വാഹന പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കുഷാഖിന്റെ ഇന്ത്യയിലെ നിര്‍മ്മാണം കമ്പനി ആരംഭിച്ചതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോക്സ്വാഗണ്‍ ഗ്രൂപ്പിന്റെ പൂനെയിലെ ചകാന്‍ പ്ലാന്റിലാണ് ഈ വാഹനം നിര്‍മിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാകുന്നതിന് അനുസരിച്ച് ഈ മാസം അവസാനത്തോടെ കുഷാഖിന്റെ അവതരണം ഉണ്ടാകുമെന്നും.

ഏകദേശം 10 ലക്ഷം മുതല്‍ 16 ലക്ഷം വരെയാവും സ്‌കോഡ കുഷാഖിന്റെ എക്സ്-ഷോറൂം വില എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, എംജി ഹെക്ടര്‍, ടാറ്റ ഹാരിയര്‍ തുടങ്ങിയ എസ്യുവികളായിരിക്കും കുഷാഖിന്റെ എതിരാളികള്‍.

ഇന്ത്യ 2.0 പ്രോജക്ടിന്റെ ഭാഗമായി സ്‌കോഡ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ കാറാണ് കുഷാഖ്. സ്മാര്‍ട്ട്ഫോണ്‍ ഇന്റഗ്രേഷന്‍ സാധ്യമാകുന്ന രണ്ട് ആധുനിക ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനങ്ങള്‍, രണ്ട് പെട്രോള്‍ എന്‍ജിനുകള്‍, ശ്രദ്ധേയമായ ഡിസൈന്‍, ഉയര്‍ന്ന നിലവാരത്തിലുള്ള സൗകര്യങ്ങള്‍, നിരവധി സുരക്ഷാ സവിശേഷതകള്‍ എന്നിവയാണ് സ്‌കോഡ കുഷാഖിന്റെ പ്രത്യേകതകള്‍.

ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ്, ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍, ഏഴ് സ്പീഡ് ഡി.എസ്.ജി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും കുഷാഖിനുണ്ട്. ജൂലൈ മുതലാണ് കുഷാഖ് വിപണിയില്‍ ലഭ്യമാകുക. ജൂണ്‍ മുതല്‍ ബുക്ക് ചെയ്യാം.

ഇന്ത്യയിലെ വികസനവും ഉല്‍പാദനവും സംബന്ധിച്ച് 95 ശതമാനം പ്രാദേശികവല്‍ക്കരണ നില കൈവരിക്കാന്‍ സ്‌കോഡ അതിന്റെ പൂനെ പ്ലാന്റില്‍ ഒരു പുതിയ എം.ക്യു.ബി. ഉത്പാദന ലൈന്‍ സ്ഥാപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

2020 ദില്ലി ഓട്ടോ എക്‌സ്‌പോയിലും ഫോക്‌സ്വാഗണ്‍ ഗ്രൂപ്പ് നൈറ്റിലും സ്‌കോഡ അവതരിപ്പിച്ച വിഷന്‍ ഇന്‍ (Vision IN) കണ്‍സെപ്റ്റ് അടിസ്ഥാനപ്പെടുത്തിയ എസ്യുവിയാണ് കുഷാഖ്. ആക്റ്റീവ്, അംബീഷന്‍, സ്‌റ്റൈല്‍ എന്നിങ്ങനെ മൂന്ന് പതിപ്പുകളില്‍ ആണ് സ്‌കോഡ കുഷാഖ് വില്പനക്കെത്തുക. രണ്ട് ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളാണ് കുഷാഖിന്.

113 ബിഎച്ച്പി പവര്‍ നിര്‍മ്മിക്കുന്ന 1.0 ലിറ്റര്‍, 3 സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിന്‍ 6-സ്പീഡ് മാന്വല്‍, ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ഗിയര്‍ബോക്സ് ഓപ്ഷനൊപ്പം ലഭിക്കും. 147 ബിഎച്ച്പി പവര്‍ നിര്‍മിക്കുന്ന, 1.5-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ നാല് സിലിണ്ടര്‍ എന്‍ജിന്‍ 6-സ്പീഡ് മാന്വല്‍, 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളില്‍ ലഭിക്കും.

നേര്‍ത്ത ക്രോം ബാര്‍ വേര്‍തിരിക്കുന്ന ലേയേര്‍ഡ് ഡാഷ്ബോര്‍ഡ് ആണ് കുഷാഖിന്. ഫ്രീ-സ്റ്റാന്‍ഡിംഗ് 10 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ആണ് ഡാഷ്‌ബോര്‍ഡില്‍ ആകര്‍ഷണം. ആപ്പിള്‍ കാര്‍പ്ലേയ്, ആന്‍ഡ്രോയിഡ് ഓട്ടോ, വയര്‍ലെസ്സ് മിറര്‍ലിങ്ക് കണക്ടിവിറ്റി എന്നിവ ഈ ഡിസ്പ്ലേയ്ക്കുണ്ട്.

വെന്റിലേറ്റഡ് മുന്‍നിര സീറ്റുകള്‍, പുറകിലേക്ക് എസി വെന്റുകള്‍, എംഐഡി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ക്രൂയിസ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിംഗ്, സെവന്‍ സ്പീക്കര്‍ മ്യൂസിക് സിസ്റ്റം എന്നിങ്ങനെ ഫീച്ചറുകളുടെ നീണ്ട നിര തന്നെയുണ്ട് വാഹനത്തില്‍.

2021 ജനുവരിയിലാണ് സ്‌കോഡ പുതിയ എസ്യുവിയ്ക്ക് കുഷാഖ് എന്ന് പേര് ഉറപ്പിച്ചത്. കോസ്മിക്ക്, ക്ലിക്ക് എന്നീ പേരുകളാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇന്ത്യയ്ക്കായുള്ള എസ്യുവിയ്ക്ക് ഒരു ഇന്ത്യന്‍ തനിമയുള്ള പേര് നല്‍കണമെന്ന് ഒടുവില്‍ സ്‌കോഡ തീരുമാനിക്കുകയായിരുന്നു.

സംസ്‌കൃതത്തിലെ കുഷാക് എന്ന വാക്കാണ് ഈ പേരിന് ആധാരം. രാജാവ്, ചക്രവര്‍ത്തി എന്നൊക്കെയാണ് ഈ പേരിന്റെ അര്‍ത്ഥം. കാമിക്ക്, കോഡിയാക്ക്, കാറോക്ക് എന്നിങ്ങനെ സ്‌കോഡയുടെ എസ്യുവി മോഡലുകളുമായി യോജിച്ചു പോകുന്ന വിധമുള്ള പേരാണ് കുഷാഖ്.

 

Top