അതിശക്തമായി തിരിച്ചുവരവ് ആയിരുന്നു ചെക്ക് റിപ്പബ്ളിക്കൻ ബ്രാൻഡായ സ്കോഡയുടേത്. ഈ വർഷം പകുതി പിന്നിട്ടപ്പോഴേക്കും നിരവധി പുതിയ മോഡലുകളെയാണ് സ്കോഡ അവതരിപ്പിച്ചിരിക്കുന്നത്.
സൂപ്പർബ്, ഒക്‌ടാവിയ എന്നീ ആഢംബര സെഡാനുകളുടെ പരിഷ്ക്കരിച്ച പതിപ്പുകൾ പുറത്തിറക്കി അങ്കത്തിന് തുടക്കം കുറിച്ച സ്കോഡ ഇന്ത്യയിലെ ഏറ്റവും കടുത്ത മത്സരം നേരിടുന്ന മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലും തങ്ങളുടെ സാന്നിധ്യമറിയിച്ചിരിക്കുകയാണ്.
90 ശതമാനത്തോളം പ്രാദേശികമായി നിർമിച്ച കുഷാഖ് എന്നറിയപ്പെടുന്ന മോഡലുമായി എത്തിയ ബ്രാൻഡ് ഇതിനോടകം ഒരു മികച്ച പ്രതീതിയാണ് വളർത്തിയെടുക്കുന്നത്. ആയതിനാൽ തന്നെ ഭാവിയിൽ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായും നിലവിലെ വാഹന ഉടമകൾക്ക് മികച്ച സേവനം നൽകുന്നതിനുമായി സ്കോഡ പ്രവർത്തിക്കുകയാണ്.
ഈ വർഷം അവസാനത്തോടെ രാജ്യത്ത് 150 ലധികം ഡീലർഷിപ്പുകൾ കൂടി തുടങ്ങി തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനാണ് യൂറോപ്യൻ ബ്രാൻഡിന്റെ പ്രാഥമിക ലക്ഷ്യം. അതോടൊപ്പം തന്നെ 2021-2022 സാമ്പത്തിക വർഷത്തിൽ 30,000 കാറുകളുടെ വിൽപ്പന നടത്താനും ബ്രാൻഡിന് പദ്ധതിയുണ്ട്.