ചെക്ക് ആഡംബര വാഹനനിര്‍മ്മാതാക്കളായ സ്‌കോഡ ഇന്ത്യ റാപ്പിഡ് സെഡാന്റെ മാറ്റ് എഡിഷന്‍ വിപണിയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തിന്റെ തുടക്കത്തില്‍ നടന്ന ഓട്ടോ എക്സ്പോയില്‍ സ്‌കോഡ അവതരിപ്പിച്ച റാപിഡ് മാറ്റ് കോണ്‍സെപ്റ്റാണ് മാറ്റ് എഡിഷനായി വിപണിയിലെത്തിയിരിക്കുന്നത്.
സ്റ്റാന്‍ഡേര്‍ഡ് റാപിഡ് മോഡലിന് സമാനമായി 110 എച്ച്പി പവറും 172 എന്‍എം ടോര്‍ക്കും നിര്‍മ്മിക്കുന്ന 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടിഎസ്‌ഐ ടര്‍ബോ-പെട്രോള്‍ എന്‍ജിനാണ് റാപിഡ് മാറ്റ് എഡിഷനിന്റെയും കരുത്ത്. 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയാണ് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍.
സ്‌കോഡ റാപിഡ് മാറ്റ് എഡിഷന്റെ ആകര്‍ഷണം പ്രത്യേകം തയ്യാറാക്കിയ കാര്‍ബണ്‍ സ്റ്റീല്‍ മാറ്റ് ഗ്രേ ഫിനിഷാണ്. നിറത്തോട് യോജിക്കും വിധം എക്സ്റ്റീരിയറിയിലെ പല ഘടകങ്ങളും കറുപ്പില്‍ പൊതിഞ്ഞിട്ടുണ്ട്. ഡോര്‍ ഹാന്‍ഡിലുകള്‍, സൈഡ് ബോഡി മോള്‍ഡിംഗ്, ഫ്രണ്ട് ഗ്രില്‍, ഫ്രണ്ട് ബമ്പറിലെ ലിപ് സ്പോയിലര്‍, റിയര്‍ ഡിഫ്യൂസര്‍, ടെയില്‍ ഗേറ്റ് സ്പോയിലര്‍, ട്രങ്ക് ലിപ് ഗാര്‍ണിഷ് എന്നീ ഘടകങ്ങള്‍ക്കാണ് ഗ്ലോസ്സ് ബ്ലാക്ക് നിറം നല്‍കിയിരിക്കുന്നത്. 16 ഇഞ്ച് അലോയ് വീലുകളും ഗ്ലോസ് ബ്ലാക്ക് നിറത്തിലാണ് റാപിഡ് മാറ്റ് എഡിഷനില്‍ ഒരുക്കിയിരിക്കുന്നത്.
മാന്വല്‍ ഗിയര്‍ബോക്സുള്ള പതിപ്പിന് 11.99 ലക്ഷവും, ഓട്ടോമാറ്റിക് പതിപ്പിന് 13.49 ലക്ഷവുമാണ് എക്സ്-ഷോറൂം വില. 400 യൂണിറ്റ് റാപിഡ് മാറ്റ് എഡിഷന്‍ മാത്രമാണ് സ്‌കോഡ വിപണിയില്‍ എത്തിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.