ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ ഇന്ത്യ രാജ്യത്ത് പുതിയ ‘കോംപാക്ട് വര്‍ക്ക് ഷോപ്പ്’ സര്‍വീസ് സംരംഭത്തിന് തുടക്കമിട്ടു. ഈ വര്‍ഷം അവസാനത്തോടെ രാജ്യത്ത് 30 പുതിയ കോംപാക്ട് വര്‍ക്ക് ഷോപ്പുകള്‍ ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതിയെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏറ്റവും കുറഞ്ഞത് രണ്ട് ബേകളുടെ സൗകര്യമുള്ള സര്‍വീസ് ടച്ച് പോയിന്റുകള്‍ വിപുലീകരിക്കുക എന്നതാണ് കമ്പനിയുടെ പുതിയ ആശയം. എല്ലാ കോംപാക്ട് വര്‍ക്ക് ഷോപ്പുകളും ആനുകാലിക മെയിന്റനന്‍സ് സേവനങ്ങളും പൊതുവായ അറ്റകുറ്റപ്പണികളും നല്‍കാനാകും സജ്ജീകരിക്കുക.
ഇന്‍സ്‌പെക്ഷന്‍ സര്‍വീസുകള്‍, കൂളന്റ് റീപ്ലെയ്സ്‌മെന്റ്, ബ്രേക്ക് ഓയില്‍, ബ്രേക്ക് ഡിസ്‌ക് അല്ലെങ്കില്‍ പാഡ് മാറ്റിസ്ഥാപിക്കല്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. തീര്‍ന്നില്ല, ഇവയോടൊപ്പം ബള്‍ബ് റീപ്ലെയ്സ്‌മെന്റ്, വൈപ്പര്‍ ബ്ലേഡുകള്‍, കാര്‍ ഡീറ്റയിലിങ്, പ്രത്യേക ഉപകരണങ്ങള്‍ ആവശ്യമില്ലാത്ത ആക്സസറീസ് ഫിറ്റ്മെന്റ് എന്നിവ പോലുള്ള മറ്റ് ചെറിയ റീപ്ലേസ്‌മെന്റ് സേവനങ്ങളും ഉപഭോക്താവിന് പ്രയോജനപ്പെടുത്താനാകും.
ഈ വര്‍ക്ക് ഷോപ്പുകള്‍ പ്രധാന ഡീലര്‍ഷിപ്പ് സൗകര്യങ്ങളുമായി ബന്ധിപ്പിക്കുകയും തെരഞ്ഞെടുത്ത പുതിയ വിപണികളില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്യും. കഴിഞ്ഞ മാസം സ്‌കോഡ ഓട്ടോ ഇന്ത്യ മൊത്തം 3,829 യൂണിറ്റ് വാഹനങ്ങളാണ് നിരത്തിലെത്തിച്ചത്. അതുവഴി ശ്രദ്ധേയമായ 282 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചയും കമ്പനി നേടിയെടുത്തിട്ടുണ്ട്. ഒരു പതിറ്റാണ്ടിനിടെ രാജ്യത്ത് നേടുന്ന ഏറ്റവും ഉയര്‍ന്ന വില്‍പ്പന കണക്കാണിത് എന്നതും ശ്രദ്ധേയമാണ്.
വില്‍പ്പന ശൃംഖലയും ബ്രാന്‍ഡ് 15 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. അടുത്തിടെയാണ് സ്‌കോഡ ഓട്ടോ ഇന്ത്യ 2021 ഒക്ടാവിയയും പുതിയ കുഷാക് എസ്യുവിയെയും ഇന്ത്യന്‍ വാഹന വിപണിയില്‍ പുറത്തിറക്കിയത്. നൂറിലധികം നഗരങ്ങളില്‍ 170-ലധികം സെയില്‍സ്, സര്‍വീസ് ടച്ച് പോയിന്റുകളും തുറക്കാനും സ്‌കോഡ ലക്ഷ്യമിടുന്നുണ്ട്. 2021 ഓഗസ്റ്റോടെ ഇന്ത്യയിലെ നൂറിലധികം നഗരങ്ങളില്‍ ബ്രാന്‍ഡ് സാന്നിധ്യമായുമെന്നാണ് വിലയിരുത്തല്‍. അടുത്ത വര്‍ഷം ഇന്ത്യയില്‍ ഒരു പുതിയ വില്‍പ്പന റെക്കോര്‍ഡ് സ്ഥാപിക്കുമെന്നും അടുത്തിടെ സ്‌കോഡ പ്രഖ്യാപിച്ചിരുന്നു.
പീസ് ഓഫ് മൈന്‍ഡ്’ എന്ന ക്യാംപെയിനിനും സ്‌കോഡ അടുത്തിടെ തുടക്കം കുറിച്ചിരുന്നു. ഉടമയാകുന്നതിന്റെ ചെലവ്, ഉപഭോക്താക്കളിലേക്ക് കൂടുതല്‍ എത്തിച്ചേരല്‍, അനായാസത, സുതാര്യത എന്നീ നാലു കാര്യങ്ങളില്‍ ഊന്നിയാണ് ഉപഭോക്തൃ കേന്ദ്രീകൃതമായാണ് ‘മനശാന്തി’ പ്രചാരണ പരിപാടി തയാറാക്കിയിരിക്കുന്നതെന്ന് സ്‌കോഡ അധികൃതര്‍ പറയുന്നു. സ്‌പെയര്‍ പാര്‍ട്‌സുകളുടെ വില, സര്‍വ്വീസ് ഇടവേളകള്‍, എഞ്ചിന്‍ ഓയില്‍ വില കുറയ്ക്കുക തുടങ്ങിയവയിലൂടെ ഉടമസ്ഥാവകാശ ചെലവ് കുറയ്ക്കുകയാണ് സ്‌കോഡ ലക്ഷ്യമിടുന്നത്. ഇത് അഞ്ച് വര്‍ഷത്തെ അല്ലെങ്കില്‍ 75,000 കിലോമീറ്റര്‍ കാലയളവില്‍ അറ്റകുറ്റപ്പണികളുടെ മൊത്തം ചെലവ് 21 ശതമാനം വരെ കുറയ്ക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. മോഡലിനെ ആശ്രയിച്ച് നിരവധി സേവന പദ്ധതികള്‍ക്കൊപ്പം അഞ്ച്, ആറ് വര്‍ഷത്തേക്കുള്ള വിപുലീകൃത വാറന്റിയും ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം.