വീഡിയോ കോള്‍/ വോയ്‌സ് കോള്‍ ആപ്ലിക്കേഷനായ സ്‌കൈപ്പ് പുതിയ രൂപത്തിലെത്തുന്നു. സ്‌കൈപ്പിന്റെ 7.0 ആപ്ലിക്കേഷനു പകരമായി പുതിയ ഡെസ്‌ക്ടോപ്പ് വേര്‍ഷന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. അതോടുകൂടി സ്‌കൈപ്പിന്റെ രൂപവും ഭാവവും മാറും.
എച്ച് ഡി വ്യക്തതയോടുകൂടി 24 പേര്‍ക്ക് ഒരുമിച്ച് വീഡിയോ കോളിനുള്ള സൗകര്യം ഒരുക്കുന്നതാണ് പുതിയ പതിപ്പ്. എന്നാല്‍, ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഏറെ പ്രയോജനകരമാകുന്ന സ്‌കൈപ്പിന്റെ പുതിയ മുഖം പഴയ ശൈലി വിട്ടുപിടിക്കില്ല.
മെസേജ് റിയാക്ഷന്‍, വ്യക്തിയെ മെന്‍ഷന്‍ ചെയ്യാനുള്ള ഓപ്ഷന്‍, മീഡിയ ചാറ്റ് ഗ്യാലറി, 300 വീഡിയോയും ചിത്രങ്ങളും ഒരുമിച്ച് അയക്കാന്‍ സാധിക്കുന്ന സൗകര്യങ്ങളാണ് പുതിയ പതിപ്പില്‍ സജീകരിച്ചിരിക്കുന്നത്.
ഇത് കൂടാതെ റീഡ് റസീറ്റുകള്‍, എന്റ് റ്റു എന്റ് എന്‍ക്രിപ്ഷന്‍, ക്ലൗഡ് അഡിസ്ഥാനമാക്കിയുള്ള വീഡിയോകോള്‍ റെക്കോഡിങ് പ്രൊഫൈല്‍ ഇന്‍വൈറ്റ്‌സ് പോലുള്ള കൂടുതല്‍ ഫീച്ചറുകള്‍ താമസിയാതെ അവതരിപ്പിക്കാനും സ്‌കൈപ്പിന് പദ്ധതിയുണ്ട്. ഐപാഡുകളിലും സ്‌കൈപ്പ് 8.0 പതിപ്പ് ലഭ്യമാവും. സെപ്റ്റംബര്‍ ഒന്ന് മുതലാണ് പുതിയ അപ്‌ഡേറ്റ് ലഭിക്കുക.