ന്യൂഡല്‍ഹി: കന്നുകാലി കശാപ്പ് നിയന്ത്രിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നയിച്ച വിഷയങ്ങളോട് ത്രിപുരയും യോജിക്കുന്നതായി മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍.
ഈ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ക്കുന്ന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ക്കുന്ന കാര്യം പരിഗണിക്കണമെന്ന് മണിക്ക് സര്‍ക്കാര്‍, പിണറായി വിജയന് അയച്ച കത്തില്‍ പറഞ്ഞു.
സമാന ചിന്താഗതിയും ആശങ്കകളുമുള്ള ഒരുപാട് സംസ്ഥാനങ്ങളുണ്ട്. കേന്ദ്രത്തിന്റെ ജനാധിപത്യ വിരുദ്ധവും ഫെഡറല്‍ വിരുദ്ധവുമായ നീക്കങ്ങള്‍നേരിടുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യാനും പൊതു അഭിപ്രായം രൂപീകരിക്കാനും മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുന്നത് നന്നായിരിക്കുമെന്ന് മണിക് സര്‍ക്കാര്‍ അറിയിച്ചു.
കന്നുകാലി കശാപ്പ് നിയന്ത്രണം സംബന്ധിച്ച് കേരള മുഖ്യമന്ത്രി അയച്ച കത്തിനുള്ള മറുപടിയിലാണ് മണിക് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.