Slick Chelsea demolish Newcastle Sydney Morning Herald

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ചെല്‍സിക്ക് മിന്നും ജയം. താത്കാലിക പരിശീലകന്‍ ഹുസ് ഹിഡിങ്കിന്റെ കീഴില്‍ തോല്‍വി അറിയാതെ മുന്നേറുകയാണ് ചെല്‍സി. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 5-1ന് ന്യൂകാസില്‍ യുണൈറ്റഡിനെയാണ് ചെല്‍സി കീഴടക്കിയത്.

ഡീഗോ കോസ്റ്റ് (5), പെഡ്രോ (9, 59), വില്യന്‍ (17), ബെര്‍ട്രാന്‍ഡ് തവോറെ (83) എന്നിവരാണ് ചെല്‍സിക്കായി ഗോള്‍ നേടിയത്. 90-ാം മിനിറ്റില്‍ ആഡ്രോസ് ടൗണ്‍സെന്‍ഡിന്റെ വകയായിരുന്നു ന്യൂകാസിലിന്റെ ആശ്വാസ ഗോള്‍.

2015 ഡിസംബര്‍ 19നു ഹോം ഗ്രൗണ്ടില്‍ സണ്ടര്‍ ലന്‍ഡിനെ 3-1നു കീഴടക്കിയതിനു ശേഷം ചെല്‍സി സ്വന്തം കാണികളുടെ മുന്നില്‍ നേടുന്ന മികച്ച ജയമാണിത്.

ഹൊസെ മൗറീഞ്ഞോയെ പുറത്താക്കിയതിനുശേഷമായിരുന്നു സണ്ടര്‍ലന്‍ഡിനെതിരായ ജയം. തുടര്‍ന്ന് 12 മത്സരങ്ങളില്‍ ചെല്‍സി തോല്‍വി അറിഞ്ഞില്ല. അതില്‍ 11 എണ്ണവും ഹിഡിങ്കിന്റെ ശിക്ഷണത്തിലായിരുന്നു.

മറ്റു മത്സരങ്ങളില്‍ വെസ്റ്റ് ഹാം 1-0ന് എവര്‍ട്ടണിനെയും വാറ്റ്‌ഫോഡ് 2-1ന് ക്രിസ്റ്റല്‍ പാലസിനെയും സതാംപ്ടണ്‍ 1-0ന് സ്വാന്‍സീ സിറ്റിയെയും സണ്ടര്‍ലന്‍ഡ് 2-1ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയും കീഴടക്കി. ഡേവിഡ് ഗിയയുടെ സെല്‍ഫ് ഗോളാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിധിയെഴുതിയത്.

ലീഗില്‍ 25 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ലീസെസ്റ്റര്‍ സിറ്റി 53 പോയിന്റുമായി ഒന്നാം സ്ഥാനത്തു തുടരുന്നു. ടോട്ടനം (48), ആഴ്‌സണല്‍ (48), മാഞ്ചസ്റ്റര്‍ സിറ്റി (47), മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (41) എന്നിവയാണ് യഥാക്രമം ആദ്യ അഞ്ച് സ്ഥാനങ്ങളില്‍. 33 പോയിന്റുള്ള ചെല്‍സി 12-ാം സ്ഥാനത്താണ്.

Top