‘റോബോര്‍ട്ടിക് ത്വക്ക്’; നിത്യോപയോഗ സാധനങ്ങളെ നടത്തിക്കാന്‍ സാങ്കേതിക വിദ്യ

സാധാരണ നമ്മള്‍ ഉപയോഗിക്കുന്ന വസ്തുക്കളെ റോബോര്‍ട്ടുകളാക്കി മാറ്റാവുന്ന സാങ്കേതിക വിദ്യയുമായി എയില്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍. കൃത്രിമ തൊലികള്‍ നിര്‍മ്മിച്ചാണ് ശാസ്ത്ര ലോകം ഞെട്ടിച്ചിരിക്കുന്നത്. വലിയ ഭാരമില്ലാത്ത ഈ ഷീറ്റുകള്‍ പാവകളിലോ മറ്റെന്തെങ്കിലും ഉപകരണങ്ങളിലോ ഘടിപ്പിച്ചാല്‍ അവ നടന്നു തുടങ്ങും!

വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്നതും എളുപ്പത്തില്‍ ആര്‍ക്കും കൊണ്ടു നടക്കാവുന്നതുമാണ് ഈ ത്വക്കുകള്‍. ഇടുങ്ങിയ വഴികളിലൂടെ എന്തെങ്കിലും വസ്തുക്കള്‍ കടത്തിവിടാനും എന്തെങ്കിലും സാധനങ്ങളെ എടുക്കാനും ഇവ കൊണ്ട് സാധിക്കുമെന്ന് ക്രിസ്റ്റഫര്‍ അറ്റ്‌കെസണ്‍ പ്രതികരിച്ചു.

ഫാബ്രിക്കും ഇലാസ്റ്റിക് പോളിമറുകള്‍ വച്ചുമാണ് ഈ പുതിയ തൊലികള്‍ നിര്‍മ്മിച്ചിരിക്കുന്നത്. അതില്‍ വായു അറകള്‍ സജ്ജീകരിച്ചിരിക്കുന്നു. നിക്കല്‍ ടൈറ്റാനിയം കോയിലുകള്‍ ഉപയോഗിച്ച് ഇവയിലേയ്ക്ക് വായു നിറയ്ക്കും. വൈദ്യുതി ഉപയോഗിച്ചാണ് പ്രത്യേക സമയങ്ങളില്‍ വായു നിറയ്ക്കുന്നത്. അതിന്റെ സമ്മര്‍ദ്ദത്തില്‍ വസ്തു മുന്നോട്ട് നീങ്ങുന്നു.

ഈ തൊലികള്‍ ഉപയോഗിച്ച് നിരവധി ചെറിയ വസ്തുക്കളെ നിമിഷ നേരം കൊണ്ട് റോബോര്‍ട്ടുകളാക്കി മാറ്റാന്‍ സാധിക്കും. വിവിധങ്ങളായ രീതിയില്‍ വസ്തുക്കളുടെ ചലനത്തെ നിയന്ത്രിക്കാന്‍ സാധിക്കും. വായു അറകളുടെ ഘടനയും വലുപ്പവും മാറ്റം വരുത്തിയാണ് ഇത് സാധ്യമാകുന്നത്. പുഴുക്കളെപ്പോലെയും വണ്ടികള്‍ പോലെയും ഇരുവശങ്ങള്‍ മാറി മാറി ഉയര്‍ത്തി സഞ്ചരിക്കുന്ന രീതിയിലും വസ്തുക്കളുടെ ചലനം ക്രമീകരിക്കാന്‍ സാധിക്കും.

ദുരന്ത നിവാരണത്തിനും അപകടകരമായി മേഖലകളില്‍ വസ്തുക്കളെയും യന്ത്രങ്ങളെയും നിയന്ത്രിക്കാന്‍ ഈ പുത്തന്‍ തൊലികള്‍ക്ക് സാധിക്കുമെന്ന് ശാസ്ത്ര ലോകം പറയുന്നു. ഇത്തരം തൊലികള്‍ ഉപയോഗിച്ചു കൊണ്ടുള്ള ഷര്‍ട്ടുകള്‍ നിര്‍മ്മിക്കാനും ഗവേഷകര്‍ ഉദ്ദേശിക്കുന്നുണ്ട്. ഒരാള്‍ ഇരിക്കുന്നതും എഴുന്നേല്‍ക്കുന്നതുമടക്കമുള്ള കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്ന തരത്തിലായിരിക്കും ഇത്.

നിലവില്‍ വൈദ്യുതി ചാര്‍ജ്ജു ചെയ്യുന്ന തരത്തിലാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. ഭാവിയില്‍ ഇതില്‍ ഉപയോഗിക്കുന്ന വായു അറകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും നേരിട്ടുള്ള വൈദ്യുതിയ്ക്ക് പകരം ബാറ്ററികള്‍ ഉപയോഗിക്കാനും ഉദ്ദേശിക്കുന്നുണ്ട്.

തായ്‌ലന്റില്‍ കുട്ടികള്‍ കുടുങ്ങിപ്പോയത് പോലുള്ള സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ഇത്തരം റോബോര്‍ട്ടുകള്‍ നല്‍കുന്ന സഹായം ചെറുതല്ല. ദുരന്ത നിവാരണ സമയത്ത് പ്രയോജനകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഈ കണ്ടുപിടുത്തം കൊണ്ട് സാധിക്കും. ബഹിരാകാശ ഗവേഷണ രംഗത്തും ഇത് പുതിയൊരു വഴിത്തിരിവായിരിക്കും.

Top