തെക്കന്‍ കാലിഫോര്‍ണിയയില്‍ ചെറിയ വിമാനം തകര്‍ന്ന് ആറു പേര്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 4:15 ഓടെയാണ് സംഭവം. കാലിഫോര്‍ണിയന്‍ വിമാനത്താവളത്തിന് സമീപമുള്ള വയലിലാണ് സെസ്ന C550 കോര്‍പ്പറേറ്റ് ജെറ്റ് തകര്‍ന്നത്. ലാസ് വെഗാസിലെ ഹാരി റീഡ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് മുറിയറ്റയിലേക്ക് പുറപ്പെട്ട വിമാനം രണ്ടാമത്തെ ലാന്‍ഡിംഗ് ശ്രമത്തിനിടെയാണ് തകര്‍ന്നുവീണത്. അപകടത്തില്‍ എന്‍ടിഎസ്ബി അന്വേഷണം ആരംഭിച്ചു. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അറിയിപ്പ് പ്രകാരം ലോസ് ഏഞ്ചല്‍സില്‍ നിന്ന് ഏകദേശം 80 മൈല്‍ തെക്കുകിഴക്കായി മുരിയേറ്റയില്‍ പുലര്‍ച്ചെ 4:15 ഓടെയാണ് സെസ്ന C550 ബിസിനസ്സ് ജെറ്റ് തകര്‍ന്നത്.
13 പേര്‍ക്ക് ഇരിക്കാവുന്ന ജെറ്റ്, റണ്‍വേയില്‍ നിന്ന് 500 അടി അകലെയാണ് തകര്‍ന്നതെന്ന് നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡിലെ അന്വേഷകന്‍ എലിയട്ട് സിംസണ്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് വിമാനത്തിന് തീപിടിച്ചു. ഒരു മണിക്കൂറിലേറെ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാന്‍ സാധിച്ചതെന്ന് റിവര്‍സൈഡ് കൗണ്ടി അഗ്‌നിശമനസേന അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന ആറ് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി റിവര്‍സൈഡ് കൗണ്ടി ഷെരീഫ് ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മൂടല്‍മഞ്ഞ് കാരണം ദൃശ്യപരത കുറവായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.