ചെറിയ പ്രാര്‍ത്ഥനാലയങ്ങള്‍ പള്ളികളായി മാറ്റുന്നതിന് കുവൈറ്റിന്റെ നിയന്ത്രണം

കുവൈറ്റ്: ചെറിയ പ്രാര്‍ത്ഥനാലയങ്ങള്‍ പള്ളികളായി മാറ്റുന്നതിന് കുവൈറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതിന്റെ ഭാഗമായി, പള്ളികള്‍ക്കു ആയിരം ചതുരശ്ര മീറ്ററില്‍ കുറയാത്ത വിസ്തൃയിയും, പുറത്തു ചുരുങ്ങിയത് അമ്പതു കാറുകള്‍ക്ക് പാര്‍ക്കു ചെയ്യാനുള്ള സ്ഥലവും നിര്‍ബന്ധമാക്കിയിട്ടുണ്ട്. അംഗീകാരം ലഭിക്കണമെങ്കില്‍ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ അഞ്ഞൂറ് വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുമുണ്ടാകണമെന്നും ഔകാഫ് മന്ത്രാലയം വ്യക്തമാക്കി.

യാതൊരു മാനദണ്ഡവും പാലിക്കാതെ സ്വകാര്യ വ്യക്തികള്‍ അടുത്തടുത്തായി പള്ളികള്‍ സ്ഥാപിക്കുന്നത് രാജ്യത്തെ പള്ളിപരിപാലന സംവിധാനത്തിന് ദോഷം ചെയ്യുന്നതായാണ് ഔകാഫ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍ . കുറച്ചു പേരെ മാത്രം ഉള്‍കൊള്ളുന്ന മുസല്ലകള്‍ ആണ് പള്ളികളായി മാറ്റുന്നത് . വിശ്വാസികളെ വിഭജിക്കുന്നു എന്നതിനോടൊപ്പം ഗതാഗതക്കുരുക്കു പോലുള്ള പ്രശനങ്ങള്‍ക്കും കാരണമാകുന്നുണ്ട് . ഇതെല്ലാം കണക്കിലെടുത്താണ് പള്ളികളുടെ പെരുപ്പം കുറക്കാന്‍ മതകാര്യ വകുപ്പ് തീരുമാനിച്ചത്.

പുതിയ പള്ളികള്‍ സ്ഥാപിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിര്‍ണയിച്ച് കൊണ്ട് ഔഖാഫ് മന്ത്രി ഡോ. ഫഹദ് അല്‍ അഫാസി കഴിഞ്ഞ മാസം ഉത്തരവിറക്കിയിരുന്നു. പള്ളി പണിയാന്‍ താല്‍പര്യമുള്ളവരുടെ അപേക്ഷയോടൊപ്പം പുതിയ പള്ളിയുടെ ആവശ്യം വെളിപ്പെടുത്തി 100 പേര്‍ ഒപ്പിട്ട നിവേദനവും സമര്‍പ്പിച്ചാല്‍ മാത്രമേ ഔകാഫ് മന്ത്രാലയം അപേക്ഷ പരിഗണിക്കുകയുള്ളൂ .

പള്ളി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന പ്രദേശത്ത് ജുമുഅ നമസ്‌കാരം നിലവിലുള്ള രണ്ടു പള്ളികള്‍ തമ്മിലുള്ള അകലം, നിലവിലുള്ള പള്ളിയില്‍ പ്രാര്‍ഥനയ്‌ക്കെത്തുന്നവരുടെ സാന്ദ്രത , തൊട്ടടുത്ത പള്ളികള്‍ അടയാളപ്പെടുത്തിയുള്ള സ്‌കെച്ച് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കമെന്നാണ് ഔകാഫ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Top