ഹിറ്റടിച്ച് ഹ്യുണ്ടേയ്; ചെറു എസ്‌യുവി എക്സ്റ്ററിന് ഇതുവരെ ലഭിച്ചത് 10000 ബുക്കിങ്ങുകള്‍

ഹ്യുണ്ടേയ്യുടെ ചെറു എസ്‌യുവി എക്സ്റ്ററിന് ഇതുവരെ ലഭിച്ചത് 10000 ബുക്കിങ്ങുകള്‍. മെയ് എട്ടിന് ആദ്യ പ്രദര്‍ശനം നടത്തി രണ്ടു മാസത്തിനുള്ളില്‍ എക്സ്റ്ററിന് ലഭിച്ചത് 10000 ബുക്കിങ്ങുകള്‍ ആണ്. ടാറ്റ പഞ്ചും മാരുതി സുസുക്കി ഇഗ്നിസുമായി മത്സരിക്കുന്ന എക്സ്റ്റിന്റെ വില ആരംഭിക്കുന്നത് 5.99 ലക്ഷം രൂപയാണ്. അഞ്ചു വകഭേദങ്ങളിലായി മാനുവല്‍, ഓട്ടമാറ്റിക്, സിഎന്‍ജി മോഡലുകളില്‍ എക്സ്റ്റര്‍ ലഭിക്കും. 1.2 ലീറ്റര്‍ പെട്രോള്‍ മാനുവലിന്റെ വില 5.99 ലക്ഷം രൂപ മുതല്‍ 9.31 ലക്ഷം രൂപ വരെയും 1.2 ലീറ്റര്‍ പെട്രോള്‍ എംഎംടിയുടെ വില 7.96 ലക്ഷം രൂപ മുതല്‍ 9.99 ലക്ഷം രൂപ വരെയുമാണ്. 1.2 ലീറ്റര്‍ സിഎന്‍ജിയുടെ വില 8.23 ലക്ഷം രൂപ മുതല്‍ 8.96 ലക്ഷം രൂപ വരെയാണ് വില.

സെഗ്മെന്റില്‍ തന്നെ ആദ്യമായി സണ്‍റൂഫ്, ഡാഷ് ക്യാം തുടങ്ങി നിരവധി ഫീച്ചറുകളുമായാണ് എക്സ്റ്റര്‍ എത്തിയത്. ഗ്രാന്‍ഡ് ഐ10 നിയോസ്, ഹ്യുണ്ടേയ് ഓറ തുടങ്ങിയ വാഹനങ്ങളോട് സാമ്യമുള്ള ഇന്റീരിയര്‍ ഡിസൈനാണ് കാറിന്. ഓള്‍ ബ്ലാക് തീമിലുള്ള ഇന്റീരിയറില്‍ 4.2 ഇഞ്ച് ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 8 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം എന്നിവയുണ്ട്. ഹ്യുണ്ടേയുടെ കണക്റ്റഡ് കാര്‍ ടെക്കുമായി എത്തുന്ന വാഹനത്തിന് ഓവര്‍ ദ എയര്‍ അപ്‌ഡേറ്റും ലഭിക്കും. ഉയര്‍ന്ന വകഭേദത്തിന് ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആപ്പിള്‍ കാര്‍ പ്ലെ, ആന്‍ഡ്രോയിഡ് ഓട്ടോ, ഇന്‍ബില്‍റ്റ് നാവിഗേഷന്‍, സണ്‍റൂഫ് എന്നിവയുണ്ട്. ഹ്യുണ്ടേയ് നിരയില്‍ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള എസ്‌യുവിയായിക്കും എക്സ്റ്റര്‍. അടിസ്ഥാന മോഡല്‍ മുതല്‍ ആറ് എയര്‍ബാഗുകളുടെ സുരക്ഷ എക്സ്റ്റര്‍ നല്‍കും. ഇത് സെഗ്മെന്റില്‍ മറ്റെങ്ങുമില്ല.

Top