കൊച്ചി: സ്മാര്‍ട് സിറ്റിയും കൊച്ചി മെട്രോയും സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് എറണാകുളം ജില്ലക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ്.
മുഖ്യമന്ത്രിയായ ശേഷം ജില്ലയില്‍ ആദ്യമായെത്തിയ പിണറായി വിജയന് ഇടതുമുന്നണി പ്രവര്‍ത്തകര്‍ നല്കിയ സ്വീകരണത്തിലായിരുന്നു മുഖ്യമന്ത്രി ജില്ലയുടെ വികസന നയരേഖ പ്രഖ്യാപിച്ചത്. ഇനിയൊരു ജിഷമാരും കേരളത്തില്‍ ഉണ്ടാകില്ലന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി ആയശേഷം എറണാകുളം ജില്ലയിലെത്തിയ പിണറായി വിജയന് ഇടതുമുന്നണി പ്രവര്‍ത്തകരും അനുഭാവികളും ഉജ്ജ്വല സ്വീകരണമാണ് നല്‍കിയത്.
40 വര്‍ഷം മുന്‍പ് രൂപകല്‍പ്പന ചെയ്ത സ്നേഹത്തിന് വേണ്ടി രക്തസാക്ഷിയായ ചത്തീസ്ഗഡ് ബസ്തറിലെ ഗായകന് ജിക്കുവിന്റെ ശില്പം മുഖ്യമന്ത്രിക്ക് പ്രവര്‍ത്തകര്‍ ഉപഹാരമായി നല്കി.
ഉപഹാരം ഏറ്റുവാങ്ങിയ ശേഷം പിണറായി പ്രസംഗിച്ചത് ജില്ലയില്‍ നടപ്പിലാക്കാന്‍ പോകുന്ന വികസനങ്ങളെ കുറിച്ചായിരുന്നു. കൊച്ചി മെട്രോയും സ്മാര്‍ട്ട് സിറ്റിയും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.
ഇനിയൊരു ജിഷ കേരളത്തില്‍ ഉണ്ടാകില്ലെന്നും ഒരമ്മയ്ക്കും വാക്കത്തി തലയ്ക്കടിയില്‍ വെച്ച് ഉറങ്ങേണ്ടി വരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നൂറുകണക്കിന് പ്രവര്‍ത്തകരാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്.