ന്യൂഡല്‍ഹി: സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ വികസിപ്പിക്കുന്ന നഗരങ്ങളില്‍ തിരുവനന്തപുരത്തേയും ഉള്‍പ്പെടുത്തി. 13 സംസ്ഥാനങ്ങളില്‍ നിന്നായാണ് നഗരങ്ങളെ തിരഞ്ഞെടുത്തത്.
സ്മാര്‍ട്ട് സിറ്റിയായി വികസിപ്പിക്കുന്ന, കേന്ദ്ര സര്‍ക്കാരിന്റെ 98 നഗരങ്ങളുടെ പട്ടികയില്‍ തിരുവനന്തപുരം നേരത്തെ ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ കൊച്ചി ഇടം പിടിച്ചു. രണ്ടാം ഘട്ടം പ്രഖ്യാപിച്ചപ്പോള്‍ നഗരങ്ങളോട് മത്സരിക്കാന്‍ തിരുവനന്തപുരത്തേയും അനുവദിക്കുകയായിരുന്നു.
ലക്‌നൗ (ഉത്തര്‍പ്രദേശ്), വാറംഗല്‍(തെലങ്കാന), ധര്‍മ്മശാല (ഹിമാചല്‍ പ്രദേശ്), ചണ്ഡിഗഢ്(പഞ്ചാബ്), റായ്പൂര്‍(ഛത്തീസ്ഗഡ്), കൊല്‍ക്കത്തയിലെ ന്യൂ ടൗണ്‍(ബംഗാള്‍), ഭഗല്‍പൂര്‍(ബിഹാര്‍), പനാജി(ഗോവ), പോര്‍ട്ട് ബ്ലെയര്‍(ആന്‍ഡമാന്‍ നിക്കോബാര്‍), ഇംഫാല്‍(മണിപ്പൂര്‍), റാഞ്ചി(ജാര്‍ഖണ്ഡ്), അഗര്‍ത്തല(ത്രിപുര), ഫരീദാബാദ് (ഹരിയാന) എന്നീ നഗരങ്ങളാണ് രണ്ടാം ഘട്ടത്തില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ കീഴില്‍ വരുന്നത്.
ഇതില്‍ ഉത്തര്‍പ്രദേശും ഹിമാചല്‍ പ്രദേശും 2017ല്‍ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളാണ്. കോണ്‍ഗ്രസാണ് ഹിമാചലില്‍ ഭരണത്തിലിരിക്കുന്നത്. യു.പിയില്‍ സമാജ്‌വാദി പാര്‍ട്ടിയും. ഹരിയാന, ജാര്‍ഖണ്ഡ്, പനാജി,ഛത്തീസ്ഗഡ് എന്നിവ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. 13 പട്ടണങ്ങള്‍ക്കും കൂടി 30,229 കോടിയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുക.