മനുഷ്യരേക്കാള്‍ സ്മാര്‍ട്ട് ആയ സൂപ്പര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനു രൂപം നല്‍കുമെന്ന് ടെസ്ല കമ്പനിയുടെ ഉടമ ഇലോണ്‍ മസ്‌ക്. എക്സ്എഐ എന്നായിരിക്കും മസ്‌കിന്റെ പുതിയ എഐ സ്റ്റാര്‍ട്ട്അപ്പിന്റെ പേര്. തന്റെ പുതിയ എഐ കമ്പനി അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ട്വിറ്റര്‍ സ്പെയ്സസില്‍ നടത്തിയ ഒരു ഇവന്റിലാണ് കുടുതല്‍ സുരക്ഷിതമായ എഐ വികസിപ്പിക്കാനുള്ള തന്റെ പദ്ധതി മസ്‌ക് പരിചയപ്പെടുത്തിയത്.
അമേരിക്കയിലെ പ്രമുഖ ടെക് കമ്പനികളില്‍ നിന്നുള്ള എഞ്ചിനിയര്‍മാരെ ഉള്‍ക്കൊള്ളിച്ചാണ് എക്സ്എഐ തുടങ്ങിയിരിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എഐ മനുഷ്യ സംസ്‌കാരത്തെ നശിപ്പിക്കുമോ എന്ന പേടി പലതവണ പുറത്തുപറഞ്ഞിട്ടുള്ള മസ്‌ക് തന്നെയായിരിക്കും പുതിയ കമ്പനിയുടെ തലപ്പത്ത്. കമ്പനിയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനായി എക്സ്എഐ ട്വിറ്റര്‍ സ്പെയ്സസില്‍ ജൂലൈ 14ന് പുതിയ ഇവന്റ് നടത്തും. കമ്പനിയുടെ ഏക ഡയറക്ടര്‍ മസ്‌ക് ആയിരിക്കും.
എക്സ്എഐക്കുള്ളിലേക്ക് മനുഷ്യര്‍ക്കു പരിചയമുള്ള ധാര്‍മികത ചാലിച്ചു ചേര്‍ക്കാനല്ല ഉദ്ദേശമെന്നും, മറിച്ച് പരമാവധി ജിജ്ഞാസയുള്ള ഒന്നാക്കി അതിനു പരിശീലനം നല്‍കുക എന്നതാണ് ലക്ഷ്യമെന്നും മസ്‌ക് പറഞ്ഞു. പ്രപഞ്ചത്തിന്റെ യഥാര്‍ത്ഥസ്വഭാവമെന്താണ് എന്ന് എക്സ്എഐ മനസിലാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അതായിരിക്കും എഐയുടെ സുരക്ഷയുമായി തനിക്കു ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു. പ്രകടനം കൊണ്ട് സാമാന്യജനത്തെ ഞെട്ടിച്ച എഐ സംവിധാനമായ ചാറ്റ്ജിപിറ്റിക്കു പിന്നില്‍പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍എഐയുടെ സ്ഥാപകരില്‍ ഒരാള്‍ മസ്‌ക് ആയിരുന്നു. ഓപ്പണ്‍എഐ മൈക്രോസോഫ്റ്റിന്റെ നിക്ഷേപം സ്വീകരിച്ചതിനെതിരെ മസ്‌ക് രൂക്ഷമായി പ്രതിരിച്ചിരുന്നു.
ഗൂഗിളിന്റെ ബാര്‍ഡ്, മൈക്രോസോഫ്റ്റിന്റെ ബിങ് എഐ തുടങ്ങിയവയ്ക്കെതിരായിരിക്കും പുതിയ സേവനം. മസ്‌കിന്റെ തന്നെ കമ്പനിയായ എക്സ്‌കോര്‍പിനു കീഴിലല്ല എക്സ്എഐ പ്രവര്‍ത്തിക്കുന്നത്. അതേസമയം, അദ്ദേഹത്തിന്റെ ഉടമസ്ഥയിലുള്ള ട്വിറ്റര്‍, ടെസ്ലതുടങ്ങിയ കമ്പനികളോട് സഹകരിച്ചായിരിക്കും അതു പ്രവര്‍ത്തിക്കുക. തങ്ങള്‍ അനുഭവസമ്പത്തുള്ള എഞ്ചിനിയര്‍മാരെ ജോലിക്കെടുത്തുകൊണ്ടിരിക്കുകയാണ് ഇപ്പോഴെന്ന് എക്സ്എഐ അറിയിച്ചു.