നമ്മുടെ കയ്യിലിരിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീനുകള്‍ ടോയ്‌ലറ്റ് സീറ്റുകളെക്കാള്‍ മലിനമാണെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. മാരകമായ അണുക്കളാണ് നിത്യോപയോഗ വസ്തുവായി മാറിയ സ്മാര്‍ട്ട് ഫോണിന്റെ സ്‌ക്രീനില്‍ നമ്മള്‍ കൊണ്ട് നടക്കുന്നത്. 35 ശതമാനം ആളുകളും തങ്ങളുടെ ഫോണിന്റെ സക്രീനുകള്‍ വൃത്തിയാക്കാറില്ല. ഇന്‍ഷുറന്‍സ് 2 ഗോ എന്ന ഇംഗ്ലണ്ട് കമ്പനിയുടേതാണ് കണ്ടെത്തല്‍.
ടോയ്‌ലറ്റ് സീറ്റിനേക്കാള്‍ മൂന്ന് മടങ്ങ് മലിനമാണ് നമ്മുടെ ഫോണിന്റെ സ്‌ക്രീനെന്ന് പഠനം വ്യക്തമാക്കുന്നു. 20 ശതമാനം ആളുകള്‍ ആറ് മാസത്തിലൊരിക്കലാണ് തങ്ങളുടെ ഫോണ്‍ വൃത്തിയാക്കാറുള്ളത്. ഐഫോണ്‍6, സാംസംഗ് ഗാലക്‌സി 8, ഗൂഗിള്‍ പിക്‌സല്‍ എന്നിവയിലാണ് പഠനം നടത്തിയത്.
സ്‌ക്രീന്‍ മാത്രമല്ല, ഫോണിന്റെ മറ്റ് ഭാഗങ്ങളും മലിനമാണ്. ഇത് ത്വക്ക് രോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. മൂന്ന് ഫോണുകളുടെ സ്‌ക്രീനുകള്‍ പരിശോധിച്ചപ്പോള്‍, 2 സെന്റീമീറ്ററില്‍ 254 യൂണിറ്റ് ബാക്ടീരിയകളെ കണ്ടെത്തി. എന്നാല്‍ ടോയ്‌ലറ്റ് സീറ്റില്‍ ഇത് 24 യൂണിറ്റും ഓഫീസ് കീ ബോര്‍ഡ്, മൗസ് എന്നിവയില്‍ 5 യൂണിറ്റുമാണ് കണക്ക്.
സ്മാര്‍ട്ട് ഫോണുകളുടെ പുറക് ഭാഗത്ത് 30 യൂണിറ്റും ലോക്ക് ബട്ടണില്‍ 23.8 യൂണിറ്റും, ഹോം ബട്ടന്റെ ഭാഗത്ത് ഇത് ഏകദേശം 10.6 യൂണിറ്റ് ബാക്ടീരിയയും കണ്ടെത്തി.
ബ്രിട്ടണിലെ ആളുകള്‍ ഓഫീസില്‍ ചെലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം സ്മാര്‍ട്ട് ഫോണില്‍ ചെലവഴിക്കുന്നതായി അടുത്തിടെ ഓഫ് കോം നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.
അഞ്ചില്‍ രണ്ടാളുകള്‍ രാവിലെ എഴുന്നേറ്റ് അഞ്ച് മിനിറ്റിനുള്ളില്‍ ഫോണ്‍ ഉപയോഗിക്കുന്നു. 37 ശതമാനം ആളുകളും രാത്രി കിടക്കുന്നതിന് തൊട്ട് മുന്‍പ് പതിവായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരാണെന്നും പഠനം പറയുന്നു.