വാര്‍ത്താ വിതരണമന്ത്രി സ്ഥാനത്തുനിന്നും സ്മൃതി ഇറാനി പുറത്ത്

ഡല്‍ഹി: കേന്ദ്ര വാര്‍ത്താ വിതരണമന്ത്രി സ്ഥാനത്തുനിന്നും സ്മൃതി ഇറാനി പുറത്തായി. സ്മൃതി ഇറാനിക്ക് ഇനി ടെക്‌സ്റ്റൈല്‍ വകുപ്പിന്റെ ചുമതലമാത്രമാണുണ്ടാവുക. രാജ്യവര്‍ധനന്‍ സിങാണ് വാര്‍ത്താ വിതരണ വകുപ്പിന്റെ പുതിയ സാരഥി. ദേശീയ അവാര്‍ഡ് വിതരണത്തെ ചൊല്ലിയുണ്ടായ വിവാദത്തെ തുടര്‍ന്നാണ് സ്ഥാനചലനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

റെയില്‍വേ മന്ത്രി പീയുഷ് ഗോയലിനാണ് ധനവകുപ്പിന്റെ അധികച്ചുമതല. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമത്തിലാണ്.അദ്ദേഹം പൂര്‍ണ ആരോഗ്യവാനായി തിരികെയെത്തുന്നത് വരെ ഗോയല്‍ ധനമന്ത്രാലയത്തിന്റെ ചുമതല വഹിക്കും.ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രിയായി എസ്.എസ് അലുവാലിയയെയും നിയമിച്ചു.

ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണത്തിലുണ്ടായ വിവാദത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും കേന്ദ്ര സര്‍ക്കാരിനെ അതൃപ്തി അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് രണ്ടാം തവണയാണ് ഇറാനിയെ ഒരു മന്ത്രാലയത്തില്‍ നിന്ന് മറ്റൊരു മന്ത്രാലയത്തിലേക്ക് മാറ്റുന്നത്. നേരത്തെ, മാനവശേഷി മന്ത്രാലയത്തിന്റെ ചുമതലയില്‍ നിന്നും ഇറാനിയെ നീക്കിയിരുന്നു

Top