ന്യൂഡല്‍ഹി: ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയറിനുള്ള സര്‍ ഗാരിഫീല്‍ഡ് സോബേഴ്‌സ് ട്രോഫി ഓസ്‌ട്രേലിയന്‍താരം സ്റ്റീവ് സ്മിത്തിന്. 2015ലെ ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും സ്റ്റീവ് സ്മിത്തിനാണ്.
ഏകദിനത്തിലെ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ദക്ഷിണാഫ്രിക്കയുടെ എബി ഡി വില്ലിയേഴ്‌സാണ്. രണ്ടാം തവണയാണ് ഡി വില്ലിയേഴ്‌സ് തെരഞ്ഞെടുക്കപ്പെടുന്നത്. വനിതാവിഭാഗത്തില്‍ ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുക്കപ്പെട്ടത് ഓസ്‌ട്രേലിയയുടെ വനിതാ ടീമിന്റെ ക്യാപ്റ്റന്‍ മെഗ് ലാനിംഗാണ്.
സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് ന്യൂസിലന്റ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലത്തിനാണ്.
ഒരേ വര്‍ഷം ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയറും ഐസിസി ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദ ഇയറും ആയി തെരഞ്ഞടുക്കപ്പെടുന്ന ഏഴാമത്തെ ക്രിക്കറ്ററാണ് സ്റ്റീവ് സ്മിത്ത്. രാഹുല്‍ ദ്രാവിഡ് (2004), ജാക്വസ് കാലിസ് (2005), റിക്കി പോണ്ടിംഗ് (2006), കുമാര്‍ സംഗക്കാര (2012), മൈക്കല്‍ ക്ലാര്‍ക്ക് (2013), മിച്ചല്‍ ജോണ്‍സണ്‍ (2014) എന്നിവരാണ് ഇതിന് മുമ്പ് രണ്ട് പുരസ്‌കാരങ്ങളും ഒന്നിച്ച് നേടിയവര്‍.
2014 സെപ്റ്റംബര്‍ 18 മുതല്‍ 2015 സെപ്റ്റംബര്‍ 13 വരെയുള്ള കാലയളവിലെ പ്രകടനമാണ് പുരസ്‌കാരനിര്‍ണയത്തിനായി പരിഗണിച്ചത്. ഇക്കാലയളവില്‍ 13 ടെസ്റ്റില്‍ 25 ഇന്നിംഗ്‌സിലായി 1734 റണ്‍സാണ് സ്റ്റീവ് സ്മിത്ത് നേടിയത്. ഏഴ് സെഞ്ച്വറിയും ആറ് അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടെയാണിത്.
2004ല്‍ ഏര്‍പ്പെടുത്തിയ സര്‍ ഗാരിഫീല്‍ഡ് സോബേഴ്‌സ് ട്രോഫി നേടുന്ന നാലാമത് ഓസ്‌ട്രേലിയന്‍ താരമാണ് സ്റ്റീവ് സ്മിത്ത്. ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് സ്റ്റീവ് സ്മിത്ത്. സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ സ്ഥാനത്തെത്തിയ ഏറ്റവും പ്രായം കുറഞ്ഞയാള്‍.