ആ വാക്കുകളാണ് പന്ത് ചുരണ്ടലിലേക്ക് ഞങ്ങളെ എത്തിച്ചത്; വെളിപ്പെടുത്തലുമായി സ്റ്റീവ് സ്മിത്ത്

smith

മെല്‍ബണ്‍: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഇന്നലെ ബെന്‍ക്രോഫ്റ്റിന്റെ വെളിപ്പെടുത്തല്‍ പുറത്ത് വന്നതിന് പുറകേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് രംഗത്ത്. എന്തുവിലകൊടുത്തും ജയിക്കുക എന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് സംസ്‌കാരത്തിന് വിത്ത് പാകിയത് ക്രിക്കറ്റ് ഭരണരംഗത്തുള്ളവര്‍ തന്നെയാണെന്നാണ് സ്മിത്ത് പറഞ്ഞത്.പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിടുന്ന താരമാണ് സ്മിത്ത്.

ഹൊബാര്‍ട്ടില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റിലെ തോല്‍വിക്ക് ശേഷം ക്രിക്കറ്റ് ഓസ്‌ട്രേലിയ മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ജെയിംസ് സതര്‍ലാന്‍ഡും ഹൈ പെര്‍ഫോര്‍മന്‍സ് മാനേജര്‍ പാറ്റ് ഹൊവാര്‍ഡും ഞങ്ങളുടെ ഡ്രസ്സിംഗ് റൂമിലെത്തി. അതിന് തൊട്ടുമുമ്പ് നടന്ന ശ്രീലങ്കക്കെതിരായ മൂന്ന് ടെസ്റ്റും തോറ്റതിനാല്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയായിരുന്നു അത്. ഡ്രസ്സിംഗ് റൂമിലെത്തിയ അവര്‍ ഞങ്ങളോട് പറഞ്ഞത്, ഞങ്ങള്‍ നിങ്ങള്‍ക്ക് പണം തരുന്നത് കളിക്കാനല്ല, ജയിക്കാനാണ് എന്നായിരുന്നു. അത് ഞങ്ങളെ ശരിക്കും നിരാശരാക്കി- സ്മിത്ത് പറഞ്ഞു.

ഇതുവരെ തോല്‍ക്കാന്‍ വേണ്ടിയായിരുന്നില്ല ഒരു കളിയും ഞങ്ങള്‍ കളിച്ചത്. എല്ലാ മത്സരങ്ങളിലും ജയിക്കാനായി കഴിവിന്റെ പരമാവധി പരിശ്രമിച്ചിരുന്നു. ജയിക്കുമ്പോള്‍ അത് നല്ല കായിക സംസ്‌കാരവും തോല്‍ക്കുമ്പോള്‍ അത് മോശവും ആകുന്നു. പന്ത് ചുരണ്ടല്‍ സംഭവം നായകനെന്ന നിലയില്‍ എന്റെ പരാജയമാണ്. അത്തരമൊരു കാര്യം അനുവദിക്കാന്‍ പാടില്ലായിരുന്നു. പന്ത് ചുരണ്ടുന്ന കാര്യം എനിക്കറിയാമിയരുന്നു. നായകനെന്ന നിലയില്‍ എനിക്കത് തടയാമായിരുന്നു. പക്ഷെ അങ്ങനെ ചെയ്യാതിരുന്നത് എന്റെ പരാജയമാണ്.

അതുകൊണ്ടുതന്നെ സംഭവിച്ച കാര്യങ്ങളുടെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. അതിനുശേഷം, ജീവതത്തില്‍ ഞാന്‍ പഠിച്ച പാഠം എന്ത് തീരുമാനം എടുക്കും മുമ്പും ഒരു നിമിഷമെങ്കിലും അതിന്റെ പ്രത്യാഘാതത്തെക്കുറിച്ച് ആലോചിക്കണമെന്നാണ്. ക്രിക്കറ്റില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത തീരുമാനം എന്നെ മാനസികമായി തളര്‍ത്തി. പക്ഷെ കുടുംബത്തിന്റെയും അടുത്ത കൂട്ടുകാരുടെയും പിന്തുണയാണ് അത് മറികടക്കാന്‍ എന്നെ സഹായിച്ചത് സ്മിത്ത് പറഞ്ഞു.

ഇന്ത്യക്കെതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റ് തുടങ്ങിയ ദിവസം മത്സരത്തിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാരായ ഫോക്‌സ് സ്‌പോര്‍ട്‌സ് ആണ് വിവാദത്തില്‍ ഉള്‍പ്പെട്ട സ്മിത്തിന്റെയും കാമറൂണ്‍ ബാന്‍ക്രോഫ്റ്റിന്റെയും അഭിമുഖങ്ങള്‍ സംപ്രേക്ഷണം ചെയ്തത്. ആദം ഗില്‍ക്രിസ്റ്റ് നടത്തിയ അഭിമുഖത്തിലാണ് ഓസീസ് ക്രിക്കറ്റ് ഭരണരംഗത്തിനെതിരെ തന്നെ സ്മിത്ത് വിരല്‍ ചൂണ്ടുന്നത്.

Top