ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടുത്തം; കൊച്ചി നഗരത്തെ പുക മൂടി

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീ നിയന്ത്രണ വിധേയമായെങ്കിലും പൂര്‍ണമായും കെടുത്താനാവാതെ വന്നതോടെ കൊച്ചി നഗരത്തെ പുക മൂടി. സംഭവത്തേത്തുടര്‍ന്ന് വൈറ്റില, പാലാരിവട്ടം മേഖലകളില്‍ പുക നിറഞ്ഞു. രൂക്ഷമായ ദുര്‍ഗന്ധവും വമിക്കുന്നുണ്ടെന്നാണ് വിവരം. പുലര്‍ച്ചെ 5.30ഓടെയാണ് നഗരപ്രദേശങ്ങളിലേക്ക് പുക വ്യാപിച്ചത്.

ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് ബഹ്മപുരം പ്ലാന്റിലെ മാലിന്യ കൂമ്പാരത്തിന് തീ പിടിച്ചത്. പത്ത് ഫയര്‍ എഞ്ചിനുകള്‍ എത്തിച്ച് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

രാത്രി മുഴുവന്‍ സംഭവസ്ഥലത്ത് മൂന്നു ഫയര്‍ എഞ്ചിനുകളും ആവശ്യമായ ഉദ്യോഗസ്ഥരും ക്യംപ് ചെയ്യുന്നുണ്ടായിരുന്നു. തീ പൂര്‍ണമായും അണയാത്തതിനാല്‍ രാവിലെ കൂടുതല്‍ ഉദ്യോഗസ്ഥരെത്തി മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് മാലിന്യം ഇളക്കി വെള്ളം പമ്പ് ചെയ്യുന്ന ജോലികള്‍ പുനരാരംഭിക്കും.

കഴിഞ്ഞ വര്‍ഷം രണ്ട് തവണയാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപിടിത്തം ഉണ്ടായത്. കഠിന പരിശ്രമത്തിലൂടെയാണ് അന്നത്തെ തീയണച്ചത്.

മാലിന്യ പ്ലാന്റില്‍ നിന്ന് 15 കിലോമീറ്റര്‍ ദൂരപരിധി വരെ വിഷപ്പുക എത്തിയിരുന്നു. രണ്ട് ദിവസത്തെ പരിശ്രമത്തിന് ശേഷമായിരുന്നു ഫെബ്രുവരിയിലെ തീപിടിത്തം നിയന്ത്രിച്ചത്.

Top