നിര്‍ഭയക്ക് നീതി ലഭിക്കാന്‍ ഒന്നിച്ചു നില്‍ക്കണം, അല്ലാതെ രാഷ്ട്രീയം കലര്‍ത്തരുത്; കെജ്രിവാള്‍

ന്യൂഡല്‍ഹി: നിര്‍ഭയ സംഭവത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് അരവിന്ദ് കെജ്രിവാള്‍. ഈ കേസില്‍ നാല് പ്രതികള്‍ക്ക് വിധിച്ചിട്ടുള്ള വധ ശിക്ഷ വൈകുന്നതിന് കാരണം ആം ആദ്മി സര്‍ക്കാരിന്റെ കാര്യക്ഷമതക്കുറവാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി കെജ്രിവാള്‍ രംഗത്ത് എത്തിയിരിക്കുന്നത്. മാത്രമല്ല എത്രയും വേഗത്തില്‍ നീതി നടപ്പിലാക്കാന്‍ ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”2018 ജൂലൈയില്‍ പുനപരിശോധന ഹര്‍ജി കോടതി തള്ളിക്കളഞ്ഞതിന് ശേഷം ആം ആദ്മി സര്‍ക്കാര്‍ ഉറങ്ങുകയായിരുന്നോ? പ്രതികളിലൊരാളെ ജുവനൈല്‍ ഹോമില്‍ നിന്ന് വിട്ടയച്ചപ്പോള്‍ പതിനായിരം രൂപയും തയ്യല്‍ കിറ്റും നല്‍കിയത് എന്തിനാണ്? നിര്‍ഭയയുടെ അമ്മയുടെ കണ്ണുനീര്‍ നിങ്ങളെന്തു കൊണ്ടാണ് കാണാത്തത്?” സ്മൃതി ഇറാനിയുടെ രൂക്ഷപ്രതികരണത്തെക്കുറിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

”ഇത്തരമൊരു വിഷയത്തില്‍ രാഷ്ട്രീയം കളിക്കുന്നുണ്ടെന്നതില്‍ എനിക്ക് ദുഖമുണ്ട്. കുറ്റവാളികളുടെ ശിക്ഷ ഉടന്‍ നടപ്പാക്കുമെന്ന് ഉറപ്പാക്കാന്‍ നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതല്ലേ? ആറുമാസത്തിനുള്ളില്‍ തന്നെ ഇത്തരം മൃഗീയരായ കുറ്റവാളികളെ തൂക്കിലേറ്റുന്നതിനുള്ള ഒരു സംവിധാനം ഉറപ്പാക്കാന്‍ നമ്മള്‍ കൈകോര്‍ക്കേണ്ടേ? ദയവായി ഇതില്‍ രാഷ്ട്രീയം കലര്‍ത്തരുത്. നമ്മുടെ സ്ത്രീകള്‍ക്ക് സുരക്ഷിതമായ നഗരം സൃഷ്ടിക്കാന്‍ നമുക്ക് ഒരുമിക്കാം,” കെജ്രിവാള്‍ ട്വീറ്റിലൂടെ പറഞ്ഞു.

Top