പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനം ; രാഹുല്‍ ഗാന്ധിക്ക് ചുട്ട മറുപടി നല്‍കി സ്മൃതി ഇറാനി

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്തെത്തി.

ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ നാസി ഭരണകൂടത്തെ പോലെ ‘യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവയ്ക്കാന്‍’ ശ്രമിക്കുകയാണെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിറ്റ്‌ലറെ പോലെയാണ് പെരുമാറുന്നതെന്നും നേരത്തെ രാഹുല്‍ വിമര്‍ശിച്ചിരുന്നു.

ഇതിന് തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് സ്മൃതി തക്കതായ മറുപടി നല്‍കിയത്.

രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടി ട്രാക്ക് റെക്കോര്‍ഡിനെക്കുറിച്ച് ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു ബി.ജെ.പിയുടെ സ്മൃതി ഇറാനി ആരോപണങ്ങളോട് പ്രതികരിച്ചത്.

ആരാണ് ഹിറ്റ്‌ലറെ അനുകരിച്ചതെന്ന് മനസിലാക്കാന്‍ രാഹുലിന് 42 വര്‍ഷങ്ങള്‍ വേണ്ടിവന്നെന്നും, 1975ലെ അടിയന്തിരാവസ്ഥ കാലത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാല്‍ ആരാണ് ജനാധിപത്യത്തെ ചവിട്ടിയരച്ചതെന്ന് അപ്പോള്‍ മനസിലാകുമെന്നുമായിരുന്നു ഇറാനിയുടെ പ്രതികരണം.

വീണ്ടും ആ കറുത്ത അദ്ധ്യായം ഓര്‍മിപ്പിച്ചതില്‍ രാഹുലിനോട് നന്ദി രേഖപ്പെടുത്തി കൊണ്ടാണ് സ്മൃതി തന്റെ ട്വീറ്റ് അവസാനിപ്പിക്കുന്നത്.

ഇതാദ്യമായല്ല രാഹുല്‍ ഗാന്ധിക്കെതിരെ മറുപടിയുമായി സ്മൃതി ഇറാനി എത്തുന്നത്.

കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രംഗത്ത് വന്ന രാഹുലിനെ സ്വന്തം കുടുബ ചരിത്രം പോലുമറിയാത്ത ബുദ്ധിവളര്‍ച്ചയില്ലാത്ത വ്യക്തിയെന്ന് സ്മൃതി പരിഹസിച്ചിരുന്നു.

Top