ന്യൂഡല്‍ഹി: ഗുജറാത്ത് തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തോടെ അടുത്ത ബിജെപി മുഖ്യമന്ത്രി ആരെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിക്ക് ഒരവസരം കൂടി നല്‍കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാടെങ്കിലും കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് നറുക്ക് വീണേക്കുമെന്നും സൂചനയുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന്റെ അഭാവം ഗുജറാത്തിലെ ബി.ജെ.പി പ്രഭാവത്തില്‍ മങ്ങലേല്‍പ്പിക്കുന്നു എന്ന നിരീക്ഷണമാണ് ജനപ്രീതിയുള്ള വ്യക്തിത്വത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവരോധിക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നത്.
അതേസമയം, ഹിമാചല്‍ പ്രദേശില്‍ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രേംകുമാര്‍ ധൂമല്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ കേന്ദ്രമന്ത്രി ജെ.പി നഡ്ഡ മുഖ്യമന്ത്രിയായേക്കുമെന്നാണ് സൂചന. മുതിര്‍ന്ന എം.എല്‍.എ ജയറാം താക്കൂറിനും സാധ്യതയുണ്ട്.
തുടര്‍ച്ചയായി 22 വര്‍ഷം ഗുജറാത്ത് ഭരിച്ച ബി.ജെ.പിക്ക് ആറാം തവണയും ഭരണം കിട്ടിയെങ്കിലും നിറം മങ്ങിയ വിജയമായിരുന്നു നേടിയത്.
കഴിഞ്ഞ തവണ 115 സീറ്റുകളുണ്ടായിരുന്ന ബി.ജെ.പിക്ക് ഇത്തവണ 99 സീറ്റ് കൊണ്ട് തൃപ്തരാകേണ്ടി വന്നു.
കോണ്‍ഗ്രസ്സ് വലിയ മുന്നേറ്റം നടത്തുകയും ചെയ്തു. ഇതാണ് നേതൃത്വത്തെ മാറ്റി ചിന്തിക്കാന്‍ ബി.ജെ.പി ആലോചിക്കുന്നത്.