ന്യൂഡല്‍ഹി: രോഹിത് വെമുലയുടെ മരണം സംബന്ധിച്ച് സ്മൃതി ഇറാനി നടത്തിയ വിവാദ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാതെ പാര്‍ലമെന്റ് നടപടികള്‍ തുടരാന്‍ അനുവദിയ്ക്കില്ലെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍.
രോഹിത് വെമുലയെ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിയ്ക്കുകയായിരുന്നുവെന്ന് സ്മൃതി ഇറാനി ആരോപിച്ചിരുന്നു. സ്മൃതി ഇറാനി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിന് പുറത്ത് ഇടതുപക്ഷ എം.പിമാര്‍ ധര്‍ണ നടത്താനാണ് തീരുമാനം.
തക്കസമയത്ത് ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ രോഹിതിന്റെ ജീവന്‍ രക്ഷിയ്ക്കാമായിരുന്നുവെന്നും ഡോക്ടറേയും പൊലീസിനേയും അടക്കം ആരെയും രോഹിതിന്റെ മുറിയിലേയ്ക്ക് വിദ്യാര്‍ത്ഥികള്‍ പ്രവേശിപ്പിച്ചില്ലെന്നും സ്മൃതി ഇറാനി ആരോപിച്ചിരുന്നു. ആരാണ് രോഹിത് മരിച്ചതായി സ്ഥിരീകരിച്ചതെന്നും സ്മൃതി സഭയില്‍ കഴിഞ്ഞ ദീവസം ചോദിച്ചു.
എന്നാല്‍ മന്ത്രി പറഞ്ഞത് വാസ്തവവിരുദ്ധമാണെന്ന് രോഹിതിന്റെ മരണം സ്ഥിരീകരിച്ച ഹൈദരാബാദ് സര്‍വകലാശാലയിലെ ചീഫ് മെഡിക്കല്‍ ഓഫീസറായ ഡോക്ടര്‍ രാജശ്രീ മല്‍പ്പത്ത് തള്ളിക്കളഞ്ഞു. സ്മൃതി ഇറാനി കള്ളം പറയുകയാണെന്ന് വീഡിയോ സഹിതം ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ത്ഥികളും ആരോപിച്ചു. ഈ സാഹചര്യത്തില്‍ സ്മൃതി ഇറാനി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ പ്രതിഷേധം.