ന്യൂഡല്‍ഹി: കത്വ, ഉന്നാവോ പീഡനക്കേസുകളെ സംബന്ധിച്ച് വ്യക്തമായി പ്രതികരിക്കാതെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വിഷയം രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്നും ഇരയെ അപമാനിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നുമാണ് സ്മൃതി ഇറാനി പറയുന്നത്. എന്നാല്‍ പീഡനത്തിനിരയായവരെയും പ്രതികളെയും സംബന്ധിച്ച് കേന്ദ്രമന്ത്രി ഒന്നും പറഞ്ഞില്ല.
നിയമ വിഭാഗങ്ങളും സര്‍ക്കാരും ഭരണഘടനയനുസരിച്ചുള്ള നടപടികള്‍ കൈക്കൊള്ളുന്നുണ്ടെന്നും, ചിലര്‍ വിഷയം രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്നും, ഒരു സ്ത്രീയെന്ന നിലയില്‍ പറയാനുള്ളത് ഇരകളെ അപമാനിക്കരുതെന്നാണെന്നും സ്മൃതി പറഞ്ഞു. പീഡന, അഴിമതി ആരോപണങ്ങള്‍ നേരിടുന്ന സമാജ്‌വാദി പാര്‍ട്ടി നേതാവ് ഗായത്രി പ്രജാപതിയുടെ പേരില്‍ കോണ്‍ഗ്രസ്സിനെ സ്മൃതി പരിഹസിക്കുകയും ചെയ്തു.