തിരുവനന്തപുരം : കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടികാഴ്ച നടത്തി. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പോഷന്‍ സംസ്ഥാനത്ത് നടപ്പാക്കുന്നതിനെ കുറിച്ചായിരുന്നു ചര്‍ച്ച.
കുഞ്ഞ് ജനിച്ച് ആയിരം ദിവസങ്ങളില്‍ നല്‍കേണ്ട ശ്രദ്ധ, അനീമിയ തടയല്‍, ഡയേറിയ പ്രതിരോധം, ശുചിത്വം, വൈവിധ്യമാര്‍ന്ന പോഷാകാഹാരം കുഞ്ഞുങ്ങള്‍ക്ക് ലഭ്യമാക്കല്‍ എന്നീ ഘടകങ്ങളാണ് പോഷന്‍ പദ്ധതിയിലുള്ളത്.
സംസ്ഥാനത്ത് നടപ്പാക്കുന്ന വനിതാ ശിശുവികസന പദ്ധതികളും കേന്ദ്രമന്ത്രി വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗം നടത്തിയത്.
പോഷണ്‍ അഭിയാന്‍, വണ്‍ സ്റ്റോപ്പ് സെന്റര്‍, ബേഠി ബച്ചാവോ ബേഠി പഠാവോ, പ്രധാനമന്ത്രി മാതൃവന്ദന യോജന, കേരളത്തിലെ ഐ. സി. ഡി. എസ് പദ്ധതികള്‍ എന്നിവ വിലയിരുത്തി. കേരളം നടപ്പാക്കുന്ന സ്മാര്‍ട്ട് അംഗന്‍വാടി പദ്ധതിയില്‍ കേന്ദ്ര മന്ത്രി തൃപ്തി അറിയിച്ചു. ഡിജിറ്റല്‍ ഇന്‍ഡ്യ, റിന്വിവബിള്‍ എനര്‍ജി എന്നിവ സ്മാര്‍ട്ട് അംഗന്‍വാടി പദ്ധതിയുമായി സംയോജിപ്പിക്കാവുന്നതാണെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
വണ്‍ സ്റ്റോപ്പ് സെന്റര്‍ ആറ് ജില്ലകളില്‍ പ്രവര്‍ത്തനം ആരംഭിച്ചതായും മറ്റു ജില്ലകളില്‍ ഈ മാസം ആരംഭിക്കുമെന്നും കേന്ദ്ര മന്ത്രിയെ അറിയിച്ചു. നിലവില്‍ ചില ജില്ലകളില്‍ താത്കാലിക കെട്ടിടങ്ങളിലാണ് കേന്ദ്രം തുടങ്ങുന്നത്. എല്ലാ ജില്ലകളിലും കേന്ദ്രത്തിനായി സ്വന്തം സ്ഥലം കളക്ടര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ ആദിവാസി സ്ത്രീകളുടെയും കുട്ടികളുടെയും സ്ഥിതി യോഗം ചര്‍ച്ച ചെയ്തു. ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ പോഷകാഹാരം പ്രാദേശികമായ ഭക്ഷ്യ വസ്തുക്കളില്‍ നിന്ന് കണ്ടെത്തി ഉപയോഗിക്കണമെന്നും കേന്ദ്ര മന്ത്രി നിര്‍ദ്ദേശിച്ചു.
വനിതാശിശുവികസന വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, കേന്ദ്ര ഉദ്യോഗസ്ഥര്‍, സംസ്ഥാനതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചിരുന്നു.