സ്മൃതി ഇറാനിയെ മണ്ഡലത്തിലേക്ക് കാണാനില്ല; പോസ്റ്ററിന് മറുപടിയുമായി എം.പി

ന്യൂഡല്‍ഹി: സ്മൃതി ഇറാനി എം.പിയെ മണ്ഡലത്തിലേക്ക് കാണാനില്ലെന്ന് കാണിച്ച് ഉത്തര്‍പ്രദേശിലെ അമേഠി മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റര്‍ ട്വീറ്ററില്‍ പങ്കുവെച്ച അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസിന് മറുപടിയുമായി സ്മൃതി ഇറാനി.

രണ്ട് വര്‍ഷത്തിനിടെ കുറഞ്ഞ മണിക്കൂറുകള്‍ മാത്രം നീണ്ടു നില്‍ക്കുന്ന രണ്ട് സന്ദര്‍ശനമാണ് സ്മൃതി ഇറാനി മണ്ഡലത്തില്‍ നടത്തിയതെന്നായിരുന്നു പോസ്റ്ററിലെ ആരോപണം. ”നിങ്ങള്‍ ട്വിറ്ററില്‍ അന്താക്ഷരി കളിക്കുന്നതും ചില വ്യക്തികള്‍ക്ക് ഭക്ഷണം നല്‍കുന്നതും ഞങ്ങള്‍ കാണാറുണ്ട്. പക്ഷെ അമേഠിയിലെ ജനങ്ങള്‍ അവരുടെ ആവശ്യങ്ങളും പ്രയാസങ്ങളും പറയാനായി നിങ്ങളെ നോക്കുകയാണ്. അമേഠിയിലെ ജനങ്ങളെ സഹായിക്കാതെ ഉപക്ഷേിക്കുന്നത് അമേഠി നിങ്ങള്‍ക്ക് ഒരു വിനോദസഞ്ചാര കേന്ദ്രം മാത്രമാണെന്നാണ് കാണിക്കുന്നത്. നിങ്ങള്‍ അമേഠിയിലേക്ക് വന്ന് അവരുടെ ശവമഞ്ചം പിടിക്കുമോ? ” -എന്നായിരുന്നു പോസ്റ്ററിലെ വാചകം. -കാണാതായ എംപിയെ അമേഠി തിരയുന്നു എന്ന വാചകത്തോടെയായിരുന്നു മഹിള കോണ്‍ഗ്രസ് ഈ പോസ്റ്റര്‍ പങ്കുവെച്ചത്.

എന്നാല്‍ മഹിള കോണ്‍ഗ്രസിന്റെ വിമര്‍ശനത്തിന് വിവിധ ട്വീറ്റുകളിലൂടെയാണ് സ്മൃതി ഇറാനി മറുപടി നല്‍കിയത്. താന്‍ മണ്ഡലത്തില്‍ ചെലവഴിച്ച ദിവസങ്ങളുടെ കണക്കും ലോക്ഡൗണ്‍ കാലത്ത് മണ്ഡലത്തിലേക്ക് ചെയ്ത പ്രവര്‍ത്തനങ്ങളും സൂചിപ്പിച്ചുകൊണ്ടായിരുന്നു സ്മൃതി ഇറാനിയുടെ മറുപടി. എട്ടു മാസത്തിനിടെ പത്ത് തവണയായി 14 ദിവസത്തോളം താന്‍ മണ്ഡലത്തിലുണ്ടായിരുന്നെന്ന് സ്മൃതി ഇറാനി വ്യക്തമാക്കി. ഇതേ ട്വീറ്റില്‍ റായ്ബറേലി മണ്ഡലത്തില്‍ സോണിയ ഗാന്ധി നടത്തിയ സന്ദര്‍ശനം സംബന്ധിച്ച് കാര്യങ്ങളും അവര്‍ ചോദിച്ചു.

”22,150 പൗരന്‍മാര്‍ ബസ് മാര്‍ഗവും 8,322 പേര്‍ ട്രെയിന്‍ മാര്‍ഗവും ഇതുവരെ അമേഠിയില്‍ തിരിച്ചെത്തിയിട്ടുണ്ട്. മടങ്ങിവന്ന ഓരോരുത്തരുടെയും പേര് എനിക്ക് പറയാന്‍ സാധിക്കും. റായ്ബറേലിയുടെ കാര്യത്തില്‍ സോണിയാജിക്ക് അങ്ങനെ ചെയ്യാന്‍ കഴിയുമോ” -സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു. ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കേണ്ടെന്ന് കരുതിയാണ് താന്‍ ലോക്ഡൗണ്‍ കാലത്ത് അമേഠി സന്ദര്‍ശിക്കാതിരുന്നതെന്ന് അവര്‍ പറഞ്ഞു. താന്‍ നിയമം ലംഘിക്കണമെന്നും ആളുകളെ വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പ്രേരിപ്പിക്കണെമന്നുമാണോ ആഗ്രഹിക്കുന്നതെന്ന് അവര്‍ ചോദിച്ചു. കോണ്‍ഗ്രസ് അമേഠിയെ സ്േനഹിക്കുന്നില്ല. താന്‍ അത് ചെയ്യുന്നു. ജനങ്ങളുടെ ജീവിതം നശിപ്പിക്കുന്നത് നിര്‍ത്തണമെന്നും അവര്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചു.

Top