പൗരത്വ ഭേദഗതി നിയമം ഇന്ത്യന്‍ പൗരന്‍മാരുടെ യാതൊരുവിധത്തിലുള്ള അവകാശങ്ങളും എടുത്ത് കളയുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ചില രാഷ്ട്രീയക്കാരുടെ തന്ത്രങ്ങളില്‍ പെട്ട് ആയുധമായി മാറരുതെന്നും പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങളില്‍ സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.
‘പൗരത്വം നിയമം ഇന്ത്യന്‍ പൗരന്‍മാരുടെ അവകാശങ്ങള്‍ എടുത്ത് മാറ്റുന്നില്ല. അതിക്രമങ്ങള്‍ക്ക് ഇറങ്ങിത്തിരിക്കുന്നവര്‍ക്ക് പിന്തുണ നല്‍കുന്നവര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’, ഇറാനി വ്യക്തമാക്കി.
‘ഇന്ത്യന്‍ ഭരണഘടനയും, പാര്‍ലമെന്റുമാണ് പരമോന്നതമെന്ന് ഈ രാജ്യത്തെ ഓരോ പൗരനും, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അറിയാം. പാര്‍ലമെന്റ് നിയമം പാസാക്കിയ ശേഷം ഒരു മുഖ്യമന്ത്രി ഇതിനെതിരെ സംശയം ഉയര്‍ത്തുന്നത് പാര്‍ലമെന്റിനെ അപമാനിക്കലാണ്’, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ലക്ഷ്യംവെച്ച് സ്മൃതി ഇറാനി പറഞ്ഞു.
പൊതുജനങ്ങളുടെ പൊതുതാല്‍പര്യത്തിന് വിരുദ്ധമായി ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ യാതൊന്നും ചെയ്യില്ലെന്നും സ്മൃതി ഇറാനി ഉറപ്പുനല്‍കി. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നും 2014 ഡിസംബര്‍ 31ന് മുന്‍പ് ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, ജൈന, പാഴ്‌സി, ബുദ്ധിസ്റ്റ്, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് പൗരത്വം അനുവദിക്കുന്നതാണ് പൗരത്വ ഭേദഗതി നിയമം.