ലഖ്നൗ: മുന്‍ ഗ്രാമത്തലവനും അമേത്തിയിലെ ബി.ജെ.പി എംപി സ്മൃതി ഇറാനിയുടെ അനുയായിയുമായ പാര്‍ട്ടി പ്രവര്‍ത്തകന്‍ സുരേന്ദ്ര സിങ്ങിന്റെ കൊലപാതകത്തിനു പിന്നില്‍ പ്രാദേശിക തലത്തില്‍ ബി.ജെ.പിക്കുള്ളിലെ കുടിപ്പകയെന്ന് യു.പി പൊലീസ്. കൊലപാതകത്തിന് പിന്നില്‍ പ്രാദേശിക രാഷ്ട്രീയ വൈരാഗ്യമാണെന്ന് സംസ്ഥാന പൊലീസ് മേധാവി ഒ.പി സിങ് പറഞ്ഞു.
സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. രണ്ടുപേര്‍ ഒളിവിലാണെന്നും ഇവര്‍ക്കായുളള തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പൊലീസ് വ്യക്തമാക്കി. രാമചന്ദ്ര, ധര്‍മ്മനാഥ്, നസീം എന്നിവരാണ് അറസ്റ്റിലായത്.
അഞ്ചുപേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. പ്രതികളിലൊരാള്‍ക്കു പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ മോഹമുണ്ടായിരുന്നു. എന്നാല്‍ സുരേന്ദ്രസിങ് ഇതിനെ എതിര്‍ത്തിരുന്നു. ഇതോടെയാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചുവെന്നും ഈ പകയാണ് ഇപ്പോള്‍ കൊലപാതകത്തില്‍ കലാശിച്ചതെന്നും ഒ.പി സിങ് വ്യക്തമാക്കി.
കോണ്‍ഗ്രസിന്റെ സിറ്റിങ് മണ്ഡലമായ അമേഠിയില്‍ ബി.ജെ.പിക്ക് മേല്‍ക്കൈ ഉണ്ടാക്കിയതില്‍ മുഖ്യപങ്ക് വഹിച്ചയാളായതിനാലാണ് സുരേന്ദ്ര സിങിനെ കൊലപ്പെടുത്തിയതെന്ന് സ്മൃതി ഇറാനി ആരോപിച്ചിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ വീട്ടില്‍വെച്ചായിരുന്നു സുരേന്ദ്ര സിങിന് വെടിയേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.