മെല്‍ബണ്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയും വീണ്ടും പോരാട്ടച്ചൂടിലേക്ക്. ഡിസംബര്‍ ഒന്നു മുതല്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന വനിതാ ബിഗ് ബാഷ് ലീഗില്‍ മാറ്റുരയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും.
സിഡ്നി തണ്ടേഴ്സിന്റെ താരമാണ് ഹര്‍മന്‍പ്രീത്. എന്നാല്‍ മന്ദാന പുതിയ സീസണില്‍ പുതിയ തട്ടകത്തിലായിരിക്കും. കഴിഞ്ഞ സീസണില്‍ ബ്രിസ്ബണ്‍ ഹീറ്റിനൊപ്പമായിരുന്ന ഇന്ത്യന്‍ സെന്‍സേഷന്‍ ഹൊബാര്‍ട്ട് ഹറിക്കെയ്ന്‍സിനു വേണ്ടിയാണ് പുതിയ സീസണില്‍ ഇറങ്ങുക. അടുത്തിടെയാണ് താരം ഹറിക്കെയ്ന്‍സുമായി കരാര്‍ ഒപ്പിട്ടത്.
വനിതാ ക്രിക്കറ്റില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച രണ്ടു ടി20 താരങ്ങളാണ് ഹര്‍മന്‍പ്രീതും മന്ദാനയും. കഴിഞ്ഞ കിയ സൂപ്പര്‍ ലീഗില്‍ ഇരുവരും തകര്‍പ്പന്‍ പ്രകടനം തന്നെ നടത്തിയിരുന്നു. വെസ്റ്റേണ്‍ സ്റ്റോം ടീമിനു വേണ്ടി 175 സ്ട്രൈക്ക് റേറ്റില്‍ 21 സിക്സറുകളോടെ 421 റണ്‍സ് മന്ദാന വാരിക്കൂട്ടിയിരുന്നു.
അതേസമയം, ഹര്‍മന്‍പ്രീതും മികച്ച ഫോമിലാണ്. കഴിഞ്ഞ ടി20 ലോകകപ്പില്‍ ക്യാപ്റ്റന്റെ കളി കെട്ടഴിച്ച താരം സെഞ്ച്വറി നേടിയിരുന്നു. ഇന്ത്യയെ സെമി ഫൈനല്‍ വരെയെത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് ഹര്‍മന്‍പ്രീത് വഹിച്ചത്.