ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ ക്യാച്ചുമായി സ്മൃതി മന്ദാന

വോസെസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിനിടെ ഇന്ത്യന്‍ വനിതാ ടീമിന്റെ മിന്നും താരം സ്മൃതി മന്ദാന നേടിയ തകര്‍പ്പന്‍ ക്യാച്ചിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഇംഗ്ലണ്ട് താരം നതാലി സീവറിനെ പുറത്താക്കാന്‍ ബൗണ്ടറിക്കു സമീപം സ്മൃതി മന്ഥന നേടിയ പറക്കും ക്യാച്ചാണ് ആരാധകരുടെ കയ്യടി നേടിയത്. അര്‍ധസെഞ്ചുറിക്ക് തൊട്ടരികെ നില്‍ക്കെയാണ് ബൗണ്ടറി ലക്ഷ്യമിട്ട് സീവര്‍ അടിച്ച പന്ത് സ്മൃതി പറന്നു പിടിച്ചത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ഇംഗ്ലണ്ട് വനിതകള്‍ ബാറ്റു ചെയ്യുമ്പോഴാണ് മന്ഥനയുടെ തകര്‍പ്പന്‍ ക്യാച്ച് പിറന്നത്. ദീപ്തി ശര്‍മയെറിഞ്ഞ 38-ാം ഓവറിന്റെ മൂന്നാം പന്തില്‍ അര്‍ധസെഞ്ചുറിക്ക് തൊട്ടരികെ ബൗണ്ടറി ലക്ഷ്യമിട്ട് നതാലി സീവറിന്റെ തകര്‍പ്പന്‍ ഷോട്ട്. ബൗണ്ടറി ലൈനിനു സമീപം സീവറിന്റെ ഷോട്ട് ചാഞ്ഞിറങ്ങുമ്പോള്‍ സ്മൃതി അവിടേക്ക് എത്തുന്നതേ ഉണ്ടായിരുന്നുള്ളൂ.

പന്തിന് കണക്കാക്കി ഓടിയെത്തി മുന്നോട്ടു ഡൈവ് ചെയ്ത സ്മൃതിക്ക് പിഴച്ചില്ല. സീവറിന്റെ ഷോട്ട് നിലംപതിക്കും മുന്‍പ് സ്മൃതിയുടെ കയ്യില്‍ ഭദ്രം. ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോററായ നതാലി സീവര്‍ 59 പന്തില്‍ നാലു ഫോറുകള്‍ സഹിതം 49 റണ്‍സുമായി പുറത്ത്.

37.2 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സുമായി മികച്ച നിലയിലായിരുന്ന ഇംഗ്ലണ്ടിന്റെ തകര്‍ച്ച തുടങ്ങിയതും ഈ ക്യാച്ചോടെയാണ്. സീവറിന്റേത് ഉള്‍പ്പെടെ അവസാന ആറു വിക്കറ്റ് നഷ്ടമാകുമ്പോള്‍ ഇംഗ്ലണ്ടിന് കൂട്ടിച്ചേര്‍ക്കാനായത് 56 റണ്‍സ് മാത്രം.

അതേസമയം, സീവറിനെ അര്‍ധസെഞ്ചുറിക്ക് തൊട്ടരികെ പുറത്താക്കിയ സ്മൃതി മന്ഥനയെ ഇംഗ്ലണ്ട് താരങ്ങളും അതേ സ്‌കോറില്‍ പുറത്താക്കിയത് കൗതുകമായി. 57 പന്തില്‍ എട്ടു ഫോറുകള്‍ സഹിതം 49 റണ്‍സെടുത്ത മന്ഥനയെ സാറാ ഗ്ലെന്‍ എല്‍ബിയില്‍ കുരുക്കിയാണ് പുറത്താക്കിയത്. ക്യാപ്റ്റന്‍ മിതാലി രാജ് അര്‍ധസെഞ്ചുറി നേടിയ മത്സരം ഇന്ത്യ നാലു വിക്കറ്റിന് വിജയിച്ചിരുന്നു.

 

Top