കൊച്ചി : ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ മൊബൈല്‍ കണക്ഷന്‍ കെവൈസി വിവരങ്ങള്‍ അന്വേഷിച്ച് കൊണ്ടും, വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ കണക്ഷന്‍ ഡിസ്‌കണക്ട് ചെയ്യപ്പെടുമെന്നും ഉള്ള വ്യാജ എസ്എംഎസ് സന്ദേശങ്ങള്‍ ലഭിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ബിഎസ്എൻഎൽ. CP-SMSFS, AD-VIRINF, CP-BLMKND,BP-ITLINN, 8582909398 തുടങ്ങി വിവിധ എസ്എംഎസ് തലക്കെട്ടുകള്‍ ഇതിനായി ഉപയോഗിക്കപ്പെടുന്നുണ്ട്. എസ്എംഎസില്‍ പറയുന്ന നമ്പരില്‍ തിരിച്ചു വിളിച്ചാല്‍ ബിഎസ്എന്‍എല്‍ കെവൈസി ഡിപ്പാർട്ട്മെന്റ് എന്ന് പറയുന്നത് ബി.എസ്.എന്‍.എല്ലുമായി യാതൊരു ബന്ധവുമില്ലാത്തവരാണെന്ന് കമ്പനി മുന്നറിയിപ്പ് നൽകുന്നു. അവര്‍ ഇത്തരത്തില്‍ ശേഖരിക്കന്ന KYC വിവരങ്ങള്‍ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതടക്കമുള്ള തട്ടിപ്പുകള്‍ നടത്താനാണ് ഉപയോഗിക്കുന്നത്.
ബിഎസ്എന്‍എല്‍ ഇത്തരത്തില്‍ ഉള്ള എസ്എംഎസ് സന്ദേശങ്ങള്‍ ഒന്നും തന്നെ അയക്കുന്നില്ല. ഉപഭോക്താക്കള്‍ ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങള്‍ക്കെതിരെ ജാഗരൂകരായിരിക്കേണ്ടതും തങ്ങളുടെ വിവരങ്ങള്‍ കൈമാറാതിരിക്കാന്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുമാണ്. കെവൈസി അപ്‌ഡേറ്റ് ചെയ്യുവാന്‍ ബിഎസ്എന്‍എല്‍ യാതൊരുവിധ പുതിയ ആപ്പും വികസിപ്പിച്ച് ഉപഭോക്താക്കള്‍ക്ക് പ്ലേസ്റ്റോറില്‍ നല്‍കിയിട്ടില്ലായെന്നും ബിഎസ്എൻഎല്‍ കേരള സര്‍ക്കിള്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ മോളി ജോസഫ് അറിയിച്ചു.
ബിഎസ്എന്‍എല്‍ കെവൈസി സംബന്ധിച്ചിട്ടുള്ള എല്ലാ കാര്യങ്ങളും ബിഎസ്എന്‍എല്‍ കസ്റ്റമര്‍ സര്‍വ്വീസ് സെന്റര്‍ മുഖേന മാത്രമേ നടത്താറുള്ളൂ. ഇതനുസരിച്ചുള്ള ഏത് സംശയങ്ങള്‍ക്കും 1503 അല്ലെങ്കില്‍ 1500 ല്‍ വിളിക്കാം. അല്ലെങ്കില്‍ pgcellkerala@bsnl.co.in ലേക്ക് ഇമെയില്‍ ചെയ്യാവുന്നതാണെന്നും കമ്പനി മുന്നറിയിപ്പ് നൽകി.