കള്ളക്കടത്ത്; അടയ്ക്കയും കുരുമുളകും അതിർത്തികടന്നെത്തുന്നു

കൊച്ചി: ഇന്ത്യ – മ്യാൻമർ അതിർത്തിയിലൂടെ അടയ്ക്ക, കുരുമുളക് എന്നിവ കള്ളക്കടത്തായി എത്തുന്നു. വിയറ്റ്നാമിൽനിന്നുള്ള കുരുമുളകാണു മ്യാൻമർ വഴി എത്തുന്നത്. അടയ്ക്കയാകട്ടെ മ്യാൻമറിന്റെ ഉൽപന്നമാണ്. ആഭ്യന്തര വിപണിയിൽ രണ്ട് ഉൽപന്നങ്ങളുടെയും വിലയെ ഇതു ഗണ്യമായ നിലയിൽ ബാധിച്ചിട്ടുണ്ട്. മോശമായ സാമ്പത്തിക കാലാവസ്ഥ നേരിടുന്ന കർഷകരെ ആശങ്കയിലാഴ്ത്തുന്നതാണു വൻതോതിലുള്ള കള്ളക്കടത്ത്. കള്ളക്കടത്തു തടയാൻ കർശന നടപടി സ്വീകരിക്കണമെന്നു സെൻട്രൽ അരക്നട്ട് ആൻഡ് കൊക്കോ മാർക്കറ്റിങ് ആൻഡ് പ്രൊസസിങ് കോ– ഓപ്പറേറ്റീവ് (കാംപ്കോ) ലിമിറ്റഡ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിദേശ കുരുമുളക് ഇന്ത്യൻ വിപണിയിലേക്കു വൻതോതിൽ പ്രവഹിക്കുന്നത് ഇവിടത്തെ വിപണിക്കു കനത്ത വെല്ലുവിളിയാണെന്നും കേന്ദ്ര ഇടപെടൽ ആവശ്യമാണെന്നും ഇന്ത്യൻ പെപ്പർ ആൻഡ് സ്പൈസ് ട്രേഡേഴ്സ് ഗ്രോവേഴ്സ് പ്ളാന്റേഴ്സ് കൺസോർഷ്യം കോഓർഡിനേറ്റർ കിഷോർ ഷാംജിയും ചൂണ്ടിക്കാട്ടുന്നു. കള്ളക്കടത്തായി എത്തുന്ന അടയ്ക്കയ്ക്ക് ഉത്തരേന്ത്യൻ വിപണികളിൽ കിലോഗ്രാമിന് 250 – 260 രൂപ മാത്രമാണു വില. കുരുമുളകാകട്ടെ കിലോഗ്രാമിനു 495 രൂപയ്ക്കു ലഭ്യമാക്കുന്നു. കൊച്ചി വിപണിയിൽ അടയ്ക്ക വില പുതിയതിനു 325 രൂപയുണ്ട്; പഴയതിനു 375 രൂപയും. അൺഗാർബ്ൾഡ് ഇനം കുരുമുളകിനു കൊച്ചിയിലെ അവസാന വില 495 രൂപ. ഗാർബ്ൾഡിന്റെ വാരാന്ത്യ വില 515 രൂപ.

Top