വയനാട് : വയനാട് ബത്തേരിയിൽ സ്കൂളിൽ വച്ച് പാമ്പ് കടിയേറ്റ് മരിച്ച വിദ്യാർത്ഥിനി ഷഹല ഷെറിന്റെ വീട് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഇന്ന് സന്ദർശിക്കും. സർവജന ഹൈസ്കൂളിലും മന്ത്രി സന്ദർശനം നടത്തും.
വിദ്യാഭ്യാസ മന്ത്രിക്ക് പുറമേ മന്ത്രി വി എസ് സുനിൽ കുമാറും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് ഷെഹലയുടെ വീട്ടിലെത്തുന്നുണ്ട്.
പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ബത്തേരിയിലും പരിസരത്തും പൊലീസ് സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്. മന്ത്രിക്കെതിരെ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധം നടത്താനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി.
അതേസമയം സംഭവത്തില്‍ സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. ഇതിനകം സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മൂന്ന് അധ്യാപകര്‍ക്കെതിരെയും താലൂക്ക് ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്കെതിരെയുമാണ് കേസ്.
സ്കൂൾ പ്രിൻസിപ്പാളിനെയും ഹൈസ്കൂൾ ചുമതലയുള്ള വൈസ് പ്രിൻസിപ്പാളിനെയും ഇന്നലെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തും. സ്കൂളിന്‍റെ പിടിഎ കമ്മിറ്റിയും ഇന്നലെ പിരിച്ചുവിട്ടിരുന്നു. വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടേതാണ് നടപടി.
സംഭവത്തിൽ അനാസ്ഥ കാണിച്ചെന്ന് ആരോപണവിധേയനായ അധ്യാപകന്‍ ഷിജിലിനെ നേരത്തെ തന്നെ സസ്പെൻഡ് ചെയ്തിരുന്നു. കുട്ടിയ്ക്ക് പാമ്പുകടിയേറ്റെന്ന് പറഞ്ഞിട്ടും, ആശുപത്രിയിലെത്തിക്കാൻ ഷിജിൽ എന്ന സയൻസ് അധ്യാപകൻ തയ്യാറായില്ല എന്ന് വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു.