പാമ്പിന്റെ വിഷം ഊറ്റി ജീവന്‍രക്ഷാ മരുന്നാക്കി ബ്രസീല്‍

വിഷമുള്ള പാമ്പിന്റെ താടിയെല്ലില്‍ മുറുകെ പിടിച്ച് വിഷം നിറച്ച ഗ്രന്ഥികളില്‍ നിന്ന് വിഷം ഊറ്റിയെടുത്ത് പാമ്പ് കടിയേറ്റവരുടെ ജീവന്‍രക്ഷിക്കാനുള്ള യത്‌നത്തിലാണ് ബ്രസീല്‍. വര്‍ഷത്തില്‍ ആയിരക്കണക്കിന് പേര്‍ക്കാണ് ഇവിടെ പാമ്പുകടിയേല്‍ക്കുന്നത്. സാവോ പോളോയിലെ ബൂട്ടാന്‍ടണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഊറ്റിയെടുക്കുന്ന പാമ്പിന്‍ വിഷം ഉപയോഗിച്ച് ആന്റിവെനം നിര്‍മ്മിച്ച് രാജ്യത്തെ ആരോഗ്യ മന്ത്രാലയം വഴിയാണ് ആശുപത്രികള്‍ക്ക് വിതരണം ചെയ്യുന്നത്.

കടുത്ത വിഷമേറിയ പാമ്പുകള്‍ വരെ ബ്രസീലിലെ ചൂടും, ഈര്‍പ്പവുമുള്ള കാലാവസ്ഥയില്‍ സസുഖം വാഴുന്നുണ്ട്. 2018ല്‍ ഏകദേശം 29,000 പേര്‍ക്കാണ് പാമ്പ് കടിയേറ്റത്. ഇതില്‍ നൂറിലേറെ പേര്‍ മരണപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍. വിശാലമായ ആമസോണിന് സമീപം താമസിക്കുന്നവര്‍ക്കാണ് അധികമായും പാമ്പിന്റെ കടിയേല്‍ക്കുന്നത്. ഇവരെ ആശുപത്രിയില്‍ എത്തിക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവരുന്നതും പ്രധാന തടസ്സമാണ്.

പ്രത്യേക സംവിധാനത്തില്‍ വളര്‍ത്തുന്ന വിഷപാമ്പുകളില്‍ നിന്നും മാസത്തില്‍ ഒരിക്കലാണ് അപകടകരമായ നടപടിക്രമങ്ങളിലൂടെ വിഷം എടുക്കുന്നത്. കാര്‍ബണഡയോക്‌സൈഡ് ശ്വസിച്ച് അല്‍പ്പനേരത്തേക്ക് ബോധം പോകുന്ന പാമ്പില്‍ നിന്നാണ് വിഷം ഊറ്റുക. എലികളെയാണ് ഈ പാമ്പുകള്‍ക്ക് ഭക്ഷണമായി നല്‍കുന്നത്.

കുതിരകളില്‍ വിഷം ചെറിയ തോതില്‍ കുത്തിവെച്ച് ഇവയുടെ പ്രതിരോധ ശേഷിയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ആന്റിബോഡികള്‍ രക്തത്തില്‍ നിന്നും എടുത്താണ് രോഗികളില്‍ പ്രയോഗിക്കുന്നത്. രാജ്യത്ത് വിജയകരമായി പരീക്ഷിച്ച ഈ മരുന്ന് വിദേശത്തേക്ക് കയറ്റി അയയ്ക്കാനുള്ള ഒരുക്കത്തിലാണ് ബ്രസീല്‍.

Top