മുംബൈ: വരള്‍ച്ചബാധിത പ്രദേശങ്ങളിലെത്തി കര്‍ഷകരുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നതിന് പകരം സെല്‍ഫിയെടുത്ത് ഉല്ലസിച്ച മന്ത്രി പങ്കജ മുണ്ടെ വിവാദത്തില്‍.
കര്‍ഷകരുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നതിലായിരുന്നില്ല മറിച്ച് സെല്‍ഫിയെടുക്കുന്നതിലായിരുന്നു മന്ത്രിയുടെ താല്‍പര്യമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
മഹാരാഷ്രയിലെ ബി.ജെ.പി.- ശിവസേന മന്ത്രിസഭയിലെ ജലവിഭവ സംരക്ഷണ വകുപ്പ്, ഗ്രാമവികസന വകുപ്പ് തുടങ്ങി പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് പങ്കജ മുണ്ടെ.
കടുത്ത വരള്‍ച്ച നേരിടുന്ന മറാത്ത്വാഡയില്‍ പങ്കജയുടെ മണ്ഡലമായ ബീഡ് ഉള്‍പ്പെടെ ലത്തൂര്‍ സ്റ്റേഷനിലെ ജലട്രെയിനും, സിയ ഗ്രാമത്തിലും മഞ്ചറ നദി ആഴം കൂട്ടുന്ന പദ്ധതി പ്രദേശവും സന്ദര്‍ശിക്കാനാണ് മന്ത്രി എത്തിയത്. എന്നാല്‍ ഇവിടെയെത്തിയ മന്ത്രി ദൗത്യം മറന്ന് കര്‍ഷകരുമായി സെല്‍ഫിയെടുത്ത് ഉല്ലസിക്കുകയായിരുന്നു എന്നാണ് ആരോപണം.
അതേസമയം, അനാവശ്യവിവാദങ്ങള്‍ ഒഴിവാക്കി പകരം വരള്‍ച്ചമൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് പങ്കജ അഭ്യര്‍ത്ഥിച്ചു.
വരള്‍ച്ചാബാധിത പ്രദേശങ്ങളിലെ സന്ദര്‍ശനത്തിനായി ഹെലിപ്പാഡ് ഒരുക്കുന്നതിന്റെ ഭാഗമായി മന്ത്രി ഏക്നാഥ് ഗോഡ്‌സെ പതിനായിരം ലിറ്റര്‍ ജലം ദുരുപയോഗം ചെയ്തത് നേരത്തേ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രിയും നരേന്ദ്ര മോദി മന്ത്രിസഭയില്‍ അംഗവുമായിരുന്ന അന്തരിച്ച ഗോപിനാഥ് മുണ്ടെയുടെ മകളാണ് പങ്കജ മുണ്ടെ.