പത്തനംതിട്ട: അടൂര്‍ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കുവാന്‍ എസ്എന്‍ഡിപി യൂണിയന്‍ ശ്രമം ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ബാങ്കില്‍ അടക്കേണ്ട തുകയായ 2.21കോടി രൂപ തിരിച്ചടക്കാമെന്ന് കാട്ടി എസ്എന്‍ഡിപി അടൂര്‍ യൂണിയന്‍ ബാങ്കിന് കത്ത് നല്‍കി. സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് ഒത്തുതീര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
നേരത്തെ മൈക്രോഫിനാന്‍സ് വായ്പയുമായി ബന്ധപ്പെട്ട് അയ്യായിരത്തോളം കുടുംബങ്ങള്‍ക്ക് ബാങ്കിന്റെ ഒത്തുതീര്‍പ്പ് നോട്ടീസ് വന്നിരുന്നു. എന്നാല്‍ നേതൃത്വത്തിന് ഇതിനെക്കുറിച്ച് അറിവില്ല എന്നായിരുന്നു യൂണിയന്റെ ഔദ്യോഗിക വിശദീകരണം. പിന്നീട് മൈക്രോഫിനാന്‍സിന്റെ പേരില്‍ വെള്ളാപ്പള്ളി നടത്തിയ തട്ടിപ്പിനെക്കുറിച്ച് ബോധ്യം വന്ന അടൂരിലെ ശാഖായോഗത്തില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ പരാതിയുമായി രംഗത്ത് വരികയായിരുന്നു.
പരാതിയെ തുടര്‍ന്ന് സര്‍ക്കാര്‍ മൈക്രോഫിനാന്‍സ് കേസുകളുടെ അന്വേഷണം ക്രൈംബ്രാഞ്ചിനും വിട്ടുകൊടുത്തിരുന്നു. ക്രൈം ബ്രാഞ്ച് എസ്.പി. ശ്രീധരനായിരുന്നു ഇതിന്റെ അന്വേഷണ ചുമതലയും. ഇത് കൂടാതെ മൈക്രോഫിനാന്‍സ് പദ്ധതിയില്‍ അഴിമതിയുണ്ടെന്നും, ഇത് വിജിലന്‍സ് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ പ്രതിപക്ഷ നേതാവ് നേരിട്ടെത്തി ഹര്‍ജിയും സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നായപ്പോളാണ് ഇപ്പോള്‍ എസ്എന്‍ഡിപി മൈക്രോഫിനാന്‍സിന്റെ പേരിലുളള തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കുവാന്‍ ശ്രമിക്കുന്നത്.
മൈക്രോ ഫിനാന്‍സ് പദ്ധതിക്കായി വെള്ളാപ്പള്ളി രണ്ടുശതമാനം പലിശയ്‌ക്കെടുത്ത 15 കോടി രൂപ 12ശതമാനം പലിശയ്ക്കാണ് ജനങ്ങള്‍ക്ക് വിതരണം ചെയ്തതെന്നും, ഈ തുകയില്‍ പത്തുശതമാനം മാത്രമെ വായ്പയായി നല്‍കിയിട്ടുള്ളുവെന്നുമാണ് വി.എസ് നേരത്തെ വെള്ളാപ്പള്ളിക്ക് എതിരെ ഉന്നയിച്ച ആരോപണം. വ്യാജമായ പേരും മേല്‍വിലാസവും ഉണ്ടാക്കി പിന്നോക്കക്കാര്‍ക്ക് ലഭിക്കേണ്ട വായ്പ തട്ടിയെടുത്ത റിപ്പോര്‍ട്ട് ലഭിച്ചിട്ടും വെള്ളാപ്പള്ളിക്ക് എതിരെ സര്‍ക്കാര്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും വിഎസ് നേരത്തെ വ്യക്തമാക്കിയിരുന്നു.