വിശ്വാസം, അതു തന്നെയാണ് എല്ലാം, വെള്ളാപ്പള്ളിമാരെ നമ്പിയാല്‍ തിരിച്ചടി !

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ബുദ്ധിയില്‍ പിറന്ന ബി.ഡി.ജെ.എസ് എന്ന പാര്‍ട്ടിക്ക് വളരാന്‍ ഇനിയും വെള്ളമൊഴിക്കാനാണ് ബി.ജെ.പിയുടെ നീക്കമെങ്കില്‍ അത് സ്വയം കുഴി തോണ്ടുന്നതിന് തുല്യമായിരിക്കും.

വെള്ളാപ്പള്ളി നടേശന്‍ ഇപ്പോള്‍ സി.പി.എമ്മുമായി അടുപ്പത്തില്‍. നില്‍ക്കുന്നതും മകനെ എന്‍.ഡി.എയില്‍ നില നിര്‍ത്തുന്നതും വ്യക്തിപരമായ കാര്യം മുന്‍ നിര്‍ത്തി മാത്രമാണ്.നിലനില്‍പ്പിനുള്ള രാഷ്ട്രീയമാണ് അവര്‍ രണ്ടു പേരും പയറ്റുന്നത്.

ശബരിമല വിഷയത്തില്‍ നിലപാടുകള്‍ നിന്ന നില്‍പ്പില്‍ ഇങ്ങനെ മാറ്റി മലക്കം മറിയുന്ന മറ്റൊരു നേതാവും കേരളത്തിലുണ്ടാകില്ല.

വെള്ളാപ്പള്ളിമാരുടെ അവസരവാദ നിലപാടിലുള്ള പ്രതിഷേധം ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥികളോട് ജനങ്ങള്‍ തീര്‍ക്കാന്‍ ശ്രമിച്ചാല്‍ അത് ബി.ജെ.പിക്കും വലിയ തിരിച്ചടിയാകും. ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളിലും ബി.ഡി.ജെ.എസ് സാന്നിധ്യം കാവി രാഷ്ട്രീയത്തിന് വെല്ലുവിളിയാകും.

വിശ്വാസ്യതയാണ് രാഷ്ട്രീയത്തിലും പ്രധാനം. ഏത് പ്രത്യയശാസ്ത്രം മുറുകെ പിടിച്ചാലും വിശ്വാസ്യതയില്ലെങ്കില്‍ ജനങ്ങള്‍ തള്ളിക്കളയും.

സി.പി.എമ്മിനും ഇക്കാര്യം ബാധകമാണ് നിന്ന നില്‍പ്പില്‍ മലക്കം മറിയുന്ന വെള്ളാപ്പള്ളിയെ നവോത്ഥാന നായകനായി ചിത്രീകരിക്കാന്‍ ശ്രമിച്ചാല്‍ അത് രാഷ്ട്രിയ കേരളം അംഗീകരിക്കില്ല.

ഇടതുപക്ഷ – നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉഴുതു മറിച്ചത് തന്നെയാണ് ഈ മണ്ണെന്ന് സമ്മതിക്കുന്നു. പക്ഷേ അന്നൊന്നും ഇതുപോലെ വിശ്വാസ്യതയില്ലാത്തവരെ മുന്‍ നിര്‍ത്തിയല്ല വിപ്ലവം നടത്തിയത്. പട്ടിണി പാവങ്ങളുടെ വേദന അറിയുന്ന ജനനേതാക്കളെ മുന്‍നിര്‍ത്തിയാണ്. അതാണ് കേരളത്തിലെ കമ്യൂണിസ്റ്റ് ചരിത്രം.

ശ്രീനാരായണഗുരുവിനെ പോലെ മഹാനായ ഒരു വ്യക്തി ഇരുന്ന കസേരക്ക് തന്നെ അപമാനമാണ് ഇപ്പോള്‍ വെള്ളാപ്പള്ളിയുടെ സാന്നിധ്യം.

ഇന്ന് ശ്രീനാരായണ ഗുരു ജീവിച്ചിരുന്നു എങ്കില്‍ എസ്.എന്‍.ഡി.പി യോഗം തന്നെ പിരിച്ചു വിടുമായിരുന്നു. കാരണം. ആ സംഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ക്ക് നേരെ വിപരീതമായാണ് വെള്ളാപ്പള്ളി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കാവി രാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍ എന്തിനാണ് സി.പി.എമ്മിന് വെള്ളാപ്പള്ളി ? സ്വന്തം ശക്തി എന്താണെന്ന് സി.പി.എം നേതാക്കളും മുഖ്യമന്ത്രി പിണറായി വിജയനും മറന്നു പോയോ ?

ജാതി – മത ശക്തികള്‍ ഏതായാലും അവരെ അകറ്റി നിര്‍ത്തേണ്ടത് ചുവപ്പ് പ്രത്യേയശാസ്ത്രം മുറുകെ പിടിക്കുന്നവരുടെ കടമയാണ്. കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാന്‍ അവസരമൊരുക്കരുത്. ജാതി – മത കോമരളോടാണ് അകലം പാലിക്കേണ്ടത്.

പരനാറി പ്രയോഗം ആര്‍ക്കാണ് ചേരുക എന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമല്ല രാഷ്ട്രീയ കേരളവും ചര്‍ച്ച ചെയ്യണം.

2014ലെ ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് പിണറായി ആര്‍.എസ്.പി നേതാവ് പ്രേമചന്ദ്രനെതിരെ പരനാറി പ്രയോഗം നടത്തിയത്. ഇതിനു കാരണം ഇടതുപക്ഷത്ത് നിന്ന് സകല സൗഭാഗ്യങ്ങളും അനുഭവിച്ച് പിന്നീട് യു.ഡി.എഫ് പാളയത്തിലെത്തി മത്സരിക്കുന്ന പ്രേമചന്ദ്രന്റെ നിലപാടായിരുന്നു.

വഞ്ചന ആര് കാട്ടിയാലും ഇങ്ങനെയും ഇതില്‍ അപ്പുറവും പ്രതികരിക്കുമെന്നതാണ് പിണറായി സ്‌റ്റൈല്‍.

ഇതേ നിലപാട് ഇപ്പോള്‍ ബി.ജെ.പി സ്വീകരിച്ച് പിണറായി പ്രേമചന്ദ്രനോട് പ്രതികരിച്ചതു പോലെ വെള്ളാപ്പള്ളി നടേശനോട് പ്രതികരിച്ചാല്‍ സി.പി.എമ്മിനു പോലും മറിച്ച് ഒരഭിപ്രായം പറയാന്‍ കഴിയില്ല.

കാരണം അത്രയ്ക്കും വലിയ നെറികേടും വഞ്ചനയും അല്‍പ്പത്തവുമാണ് വെള്ളാപ്പള്ളി ഇപ്പോള്‍ കാണിച്ചിരിക്കുന്നത്.

വനിതാമതില്‍ സംഘാടക അദ്ധ്യക്ഷനായി ആദ്യം രംഗത്ത് വരിക, പിന്നീട് അത് കഴിഞ്ഞപ്പോള്‍ പൊളിഞ്ഞെന്ന് പറയുക, സര്‍ക്കാര്‍ വഞ്ചിച്ചെന്ന് ഭാര്യയെ കൊണ്ടും മകനെ കൊണ്ടും പറയിപ്പിക്കുക, ഒടുവില്‍ വീണ്ടും പിണറായിയെയും വനിതാ മതിലിനെയും വാഴ്ത്തുക. ഇത് എന്ത് ഏര്‍പ്പാടാണ് വെള്ളാപ്പള്ളീ.

പരനാറി പ്രയോഗം പ്രേമചന്ദ്രന് എതിരെ നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യത്തില്‍ എന്താണ് മറുപടി പറയാനുള്ളത്?.

വാക്കിനും പ്രവര്‍ത്തിക്കും സ്ഥിരതയില്ലാത്ത ഈ വ്യക്തിയെ മുന്‍ നിര്‍ത്തിയാണോ നിങ്ങള്‍ നവോത്ഥാനം കെട്ടിപ്പടുക്കാന്‍ പോകുന്നത്.

വെള്ളാപ്പള്ളിക്കും മകനും എതിരെയുള്ള കേന്ദ്ര – സംസ്ഥാന ഏജന്‍സികളുടെ അന്വേഷണ കുരുക്കില്‍ നിന്നും രക്ഷപ്പെടാന്‍ മകനെ കാവി പാളയത്തില്‍ നിര്‍ത്തി ചുവപ്പിനൊപ്പം സഹകരിക്കാനാണ് വെള്ളാപ്പള്ളി നടേശന്‍ ശ്രമിക്കുന്നത്.

യു.ഡി.എഫിനൊപ്പവും ഉമ്മന്‍ ചാണ്ടിക്കൊപ്പവും നിന്ന് സകല നേട്ടങ്ങളും ഉണ്ടാക്കിയ ശേഷമാണ് കാവി പാളയത്തില്‍ ബി.ഡി.ജെ.എസ് എന്ന പാര്‍ട്ടിയെ വെള്ളാപ്പള്ളി കെട്ടിയത്. ഇതുവഴി എന്‍.ഡി.എ തലപ്പത്ത് മകനെ പ്രതിഷ്ടിക്കുകയും ചെയ്തു.

മൈക്രോ ഫിനാന്‍സ് കേസും സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ടുള്ള പുനരന്യേഷണ സാധ്യതയുമെല്ലാം നില നില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ കപട ചുവപ്പ് സ്നേഹം. മുഖ്യമന്ത്രിയെ അങ്ങോട്ട് പോയി സന്ദര്‍ശിച്ചത് തന്നെ പേടിച്ചിട്ടാണ്.

എന്‍ഫോഴ്‌സ്‌മെന്റ് കുരുക്ക് ഭയന്നാണ് മകന്‍ തുഷാറിനെ വെള്ളാപ്പള്ളി എന്‍.ഡി.എയില്‍ നിര്‍ത്തുന്നതെന്ന് മുന്‍ എസ്.എന്‍.ഡി.പി യോഗം നേതാവ് വിദ്യാസാഗര്‍ തന്നെ ഇപ്പോള്‍ ആരോപിച്ചിട്ടുണ്ട്.

വെള്ളാപ്പള്ളി കുടുംബത്തിന്റെ കയ്യില്‍ എസ്.എന്‍.ഡി.പി യോഗം എന്ന മഹാപ്രസ്ഥാനം അകപ്പെട്ട് പോയതാണ് ഈഴവ സമൂഹം ഇന്നു നേരിടുന്ന പ്രധാന വെല്ലുവിളി.

ഒരു കുടുംബത്തിന്റെ വ്യക്തിപരമായ നേട്ടത്തിനും സംരക്ഷണത്തിനും വേണ്ടി ഇവിടുത്തെ മഹാഭൂരിപക്ഷം വരുന്ന ഈഴവ സമുദായം നിന്നുകൊടുക്കില്ല എന്ന് രാഷ്ട്രീയ നേതൃത്വങ്ങള്‍ തിരിച്ചറിയണം.

വനിതാ മതില്‍ വിജയിച്ചത് പ്രധാനമായും സി.പി.എമ്മിന്റെയും വര്‍ഗ്ഗ ബഹുജന സംഘടനകളുടെയും സംഘടനാ ശേഷികൊണ്ടാണ്.

അയ്യപ്പ ജ്യോതിയും അയ്യപ്പ സംഗമവും വിജയിച്ചതും സംഘ പരിവാറിന്റെയും എന്‍.എസ്.എസിന്റെയും പ്രവര്‍ത്തന മികവ് കൊണ്ടാണ്.

എസ്.എന്‍.ഡി.പി യോഗം നേതൃത്വം രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ശ്രമിച്ചതു മുതല്‍ അവര്‍ക്ക് ഈഴവ സമൂഹത്തിലുള്ള പിന്തുണയും നഷ്ടമായി കഴിഞ്ഞു.

ഈഴവ വോട്ടുകളില്‍ ബഹുഭൂരിപക്ഷവും പരമ്പരാഗതമായി ലഭിക്കുന്നത് ഇടതുപക്ഷത്തിനാണ്. മുഖ്യ മന്ത്രി പിണറായി വിജയനും വി.എസ്. അച്യുതാനന്ദനും ഉള്‍പ്പെടെയുള്ള നിരവധി നേതാക്കളുടെ ഒരു പട തന്നെയുണ്ട് സി.പി.എമ്മില്‍.

മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി സംഘ പരിവാര്‍ തണലില്‍ ബിജെപി സംസ്ഥാനത്ത് കരുത്താര്‍ജിക്കാന്‍ ശ്രമിക്കുന്ന പശ്ചാത്തലത്തില്‍ സി.പി.എം ജാഗ്രത പുലര്‍ത്തുന്നത് അവരുടെ രാഷ്ട്രീയ അജണ്ട മുന്‍ നിര്‍ത്തിയാണ്.

തീര്‍ച്ചയായും സംഘപരിവാറിനെ പ്രതിരോധിക്കേണ്ടത് പ്രത്യയശാസ്ത്രപരമായി തന്നെ കമ്യൂണിസ്റ്റുകളുടെ കടമയാണ്. പക്ഷേ അതിന് വെള്ളാപ്പള്ളി മുതലാളിയെ എന്തിനാണ് കൂട്ടു പിടിക്കുന്നത് ?

വനിതാ മതിലില്‍ പങ്കെടുത്ത മറ്റേതെങ്കിലും ജാതി സംഘടനകള്‍ വല്ല തലവേദനയും സര്‍ക്കാറിനോ സി.പി.എമ്മിനോ ഉണ്ടാക്കിയിട്ടുണ്ടോ ?

സംഘപരിവാറിനോട് സഹകരിക്കുന്ന എന്‍.എസ്.എസും അതിന്റെ നേതാക്കളും എത്ര വിമര്‍ശനങ്ങളും ഭീഷണികളും ഉയര്‍ന്നിട്ടും ഇതുവരെ അവരുടെ നിലപാട് മാറ്റിയിട്ടില്ലെന്നത് ഓര്‍ക്കണം.

രാവിലെ ഒരു നിലപാട് രാത്രി മറ്റൊരു നിലപാട് എന്ന വെള്ളാപ്പള്ളിയുടെ അവസരവാദം വകവെച്ച് കൊടുക്കാന്‍ രാഷ്ട്രീയ കേരളത്തിനു കഴിയില്ല. ഈ കുരിശ് സി.പി.എമ്മിന് ബാധ്യതയാകും എന്ന സ്വന്തം അണികളുടെ വാക്കുകള്‍ക്ക് ചെവികൊടുക്കാന്‍ സി.പി.എം നേതൃത്വവും മുഖ്യമന്ത്രിയും വൈകിയെങ്കിലും തയ്യാറാകണം. ജാതി – മത ശക്തികള്‍ക്കും മുതലാളിത്വത്തിനും എതിരെ പോരാടിയാണ് സി.പി.എം കേരളത്തിന്റെ മണ്ണ് ചുവപ്പിച്ചതെന്ന യാഥാര്‍ത്ഥ്യം മറന്നു പോകരുത്. നോട്ടുകെട്ടുകള്‍ വാരിയെറിഞ്ഞാല്‍ ആര്‍ക്കും ഏത് സമുദായ നേതാവ് വേണമെങ്കിലും ആകാം പക്ഷേ ജന നേതാവാകാനാകില്ല.

TEAM EXPRESS KERALA

Top