ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തുഷാര്‍ മത്സരിക്കേണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍

vellappally-nateshan

തിരുവനന്തപുരം: തുഷാര്‍ വെള്ളാപ്പള്ളി തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി ഭാരവാഹികള്‍ മത്സരിക്കേണ്ടെന്നാണ് പൊതു അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയില്‍ ദേവസ്വംബോര്‍ഡ് നിലപാട് വ്യക്തമാക്കിയതാണെന്നും അതേക്കുറിച്ച് ഇനി വിവാദം വേണ്ടെന്നും വിവാദമുണ്ടാക്കിയിട്ടു കാര്യമില്ലെന്നും അന്തിമവിധി എന്തായാലും അംഗീകരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇപ്പോള്‍ ദേവസ്വംബോര്‍ഡിനെ കുറ്റം പറയുന്ന കോണ്‍ഗ്രസും ബിജെപിയും നിരവധി തവണ നിലപാട് മാറ്റിയിട്ടില്ലേ എന്നും വെള്ളാപ്പള്ളി ചോദിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് ബിജെപി. എന്നാല്‍ മത്സരിക്കാനില്ലെന്നാണ് തുഷാര്‍ പറയുന്നത്. തുഷാര്‍ മത്സരിച്ചാല്‍ കൂടുതല്‍ വോട്ടുകിട്ടാന്‍ സാധ്യതയുള്ള മണ്ഡലങ്ങള്‍ ഏതെങ്കിലും നല്‍കുവാനാണ് ബിജെപിയുടെ തീരുമാനം.

ശബരിമല സ്ത്രീ പ്രവേശനം, വനിതാമതില്‍ തുടങ്ങിയ വിഷയങ്ങളില്‍ വെള്ളാപ്പള്ളി നടേശന്‍ സ്വീകരിച്ച നിലപാടില്‍ സംസ്ഥാനത്തെ എന്‍ഡിഎ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്.

അതേസമയം, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി കൂടിയായ വെള്ളാപ്പള്ളി നടേശന്റെ നിലപാടിനൊപ്പമാണ് ബിഡിജെഎസിന്റെ വലിയൊരു വിഭാഗം പ്രവര്‍ത്തകരും. അതിനാല്‍ തന്നെ ബിഡിജെഎസിന്റെ പിന്തുണ ഉറപ്പാക്കുവാനുള്ള ശ്രമത്തിലാണ് ബിജെപി.

Top