എസ്എന്‍ഡിപി യോഗം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ചൂലല്ല; വെള്ളാപ്പള്ളി

ചേര്‍ത്തല: എസ്.എന്‍.ഡി.പി യോഗം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ചൂലല്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇന്ന് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് ബിഷപ്പുമാരും മതപുരോഹിതന്മാരുമാണ്. ഈഴവരുടെ കാര്യം പറയുമ്പോള്‍ മാത്രം മതം ആരോപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘ഭരണത്തില്‍ വരണമെന്നുണ്ടെങ്കില്‍ ആദര്‍ശം ബലികഴിക്കേണ്ട അവസ്ഥയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ മതേതരത്വം കൊണ്ടുനടക്കുന്നത് കള്ളനാണയമാണ്. എസ്.എന്‍.ഡി.പി യോഗത്തിന് അഭിപ്രായങ്ങളുണ്ടാകാം. രാഷ്ട്രീയ അഭിപ്രായങ്ങളുണ്ടാകാം. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും വാലല്ല, ചൂലല്ല. സാമൂഹിക നീതിക്കുവേണ്ടി നില്‍ക്കും. ജനസംഖ്യ ആനുപാതികമായി നീതികിട്ടണം. ഇപ്പോ ബിഷപ്പു പറയുന്നു. അതോടെ പാര്‍ട്ടി വച്ചയാളെ മാറ്റി ബിഷപ്പ് വച്ച ആളെ സ്ഥാനാര്‍ഥിയാക്കുന്നു. തിരുമേനി പറഞ്ഞെന്നും കപ്യാര് പറഞ്ഞെന്നും പറഞ്ഞ് വരെ സീറ്റ് കൊടുക്കുകയാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

മുസ്ലിം ലീഗാകട്ടെ, 23 പേരെ നിര്‍ത്തുമ്പോള്‍ ഒരു ഈഴവനെ അവരുടെ കൂടെ സ്ഥാനാര്‍ഥിയാക്കി. കേരള കോണ്‍ഗ്രസ് ഒരു ഈഴവനെ അവര്‍ സ്ഥാനാര്‍ഥിയാക്കിയില്ല. ഇടതുപക്ഷം വരെ അധികാരത്തിലെത്തണമെങ്കില്‍ പലരുടെയും മുന്നില്‍ മുട്ടുകുത്താതെ പറ്റില്ല എന്ന അവസ്ഥയിലേക്ക് വന്നപ്പോള്‍ അവരും ആദര്‍ശം കൈവിട്ടു. പലയിടത്തും പോയി മുട്ടില്‍ നില്‍ക്കുകയാണ്. ആദര്‍ശ രാഷ്ട്രീയം മരിച്ചുപോയി. അവസരവാദ രാഷ്ട്രീയമാണ് നിലനില്‍ക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു

 

Top