ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കുമെന്ന് എസ്എന്‍ഡിപി സംരക്ഷണ സമിതി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കുമെന്ന് എസ്എന്‍ഡിപി സംരക്ഷണ സമിതി. എസ്എന്‍ഡിപിയുമായി ബന്ധപ്പെട്ട ക്രമക്കേടുകളില്‍ പ്രതിഷേധിച്ചാണ് തീരുമാനം. വെള്ളാപ്പള്ളി നടേശന്റെ ആശിര്‍വാദം സ്വീകരിക്കുന്ന സ്ഥാനാര്‍ത്ഥികളെയും തോല്‍പ്പിക്കുമെന്ന് എസ്എന്‍ഡിപി സംരക്ഷണ സമിതി.

മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട ക്രമക്കേട്, എസ്എന്‍ഡിപി യൂണിയനിലെ ക്രമക്കേട് എന്നിവയില്‍ വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയും സ്വീകരിക്കുന്ന നിലപാടുകളില്‍ പ്രതിഷേധിച്ചാണ് എസ്എന്‍ഡിപി സംരക്ഷണ സമിതിയുടെ കടുത്ത തീരുമാനം. കൊല്ലത്തെ ആസ്ഥാന മന്ദിരം ജപ്തി ചെയ്യുന്ന നടപടികളിലേക്ക് കടന്നതും എസ്എന്‍ഡിപി സംരക്ഷണ സമിതിയെ ചൊടിപ്പിച്ചിട്ടുണ്ട്.

നാലു സീറ്റുകളിലാണ് ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ചാലക്കുടിയിലും മാവേലിക്കരയിലുമാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇനി കോട്ടയത്തും ഇടുക്കിയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുണ്ട്.

കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളി തന്നെയായിരിക്കും മത്സരിക്കുമെന്ന കാര്യത്തില്‍ ധാരണയായിട്ടുണ്ട്. ഈ ഒരു സാഹചര്യത്തിലാണ് കോട്ടയത്തെത്തിയ എസ്എന്‍ഡിപി സംരക്ഷണ സമിതി നേതാക്കള്‍ കടുത്ത നിലപാടിലേക്ക് കടന്നത്. എല്ലാ സ്ഥാനാര്‍ത്ഥികളെയും തോല്‍പ്പിക്കുമെന്നും അതിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അവര്‍ വ്യക്തമാക്കി.

Top