മഞ്ഞുവീഴ്ചയില്‍ തകര്‍ന്ന് കശ്മീരിലെ ആപ്പിള്‍ കൃഷി; പുതിയ മരം കായ്ക്കാന്‍ 16 വര്‍ഷം വേണം!

ശ്രീനഗര്‍:കശ്മീരില്‍ വളരെ നേരത്തെയാണ് ഇത്തവണ മഞ്ഞുവീഴ്ച ആരംഭിച്ചിരിക്കുന്നത്. അതിനാല്‍, കാര്‍ഷിക രംഗം വലിയ പ്രതിസന്ധി നേരിടുന്നു. മഞ്ഞുവീഴ്ചയില്‍ തന്റെ ആപ്പിള്‍ കൃഷി നശിച്ചതുകണ്ട് പൊട്ടിക്കരയുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. പ്രതീക്ഷിക്കാതെ എത്തിയ ശൈത്യകാലം കാശ്മീരിലെ ആപ്പിള്‍ കര്‍ഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. പതിനായിരക്കണക്കിന് കര്‍ഷകരുടെ ആപ്പിള്‍ കൃഷിയാണ് സംസ്ഥാനത്ത് നശിച്ചത്.

500 കോടിയിലധികം രൂപയുടെ നഷ്ടമാണ് ആപ്പിള്‍ കര്‍ഷകര്‍ക്ക് മാത്രം കാലാവസ്ഥാ വ്യതിയാനം കാരണം ഉണ്ടായിരിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം.

കശ്മീരിന്റെ സമ്പദ്‌വ്യവസ്ഥയില്‍ വലിയ സ്വാധീനമുള്ള മേഖലയാണ് ആപ്പിള്‍ കൃഷി. 20 ലക്ഷത്തിലധികം ആളുകളും ആപ്പിള്‍ കൃഷിയിലൂടെ വരുമാനം കണ്ടെത്തുന്നവരാണ്. ഈ വര്‍ഷത്തെ മൊത്തം ഉത്പാദനത്തേക്കാള്‍ വലുതാണ് കര്‍ഷകര്‍ക്കുണ്ടായ നഷ്ടം. ഓരോരുത്തര്‍ക്കും 10-20ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചതായി കര്‍ഷകര്‍ പറയുന്നു. 20000 മെട്രിക്ക് ടണ്‍ ആപ്പിളുകളായിരുന്നു ഈ വര്‍ഷം വിളവെടുക്കേണ്ടിയിരുന്നത്. എന്നാല്‍ ഇതില്‍ വലിയൊരു ഭാഗം മഞ്ഞുവീഴ്ചയില്‍ നശിച്ചു.

ആയിരത്തിലധികം ആപ്പിള്‍ മരങ്ങളും മഞ്ഞുവീഴ്ചയില്‍ നശിച്ചു. മരങ്ങള്‍ നശിച്ചതാണ് കൃഷി നശിച്ചതിനേക്കാള്‍ കൂടുതല്‍ കര്‍ഷകരെ ബാധിക്കുക. ഇത്തരത്തിലുള്ള പുതിയ മരങ്ങള്‍ നട്ട് കായ്ക്കാന്‍ തുടങ്ങണമെങ്കില്‍ ചുരുങ്ങിയത് ഇനി 16 വര്‍ഷമെങ്കിലും വേണം.

മഞ്ഞു വീഴ്ചയെത്തുടര്‍ന്ന് താഴ്വരയിലെ വാര്‍ത്താ വിനിമയ സംവിധാനങ്ങളും ഗതാഗതവും പൂര്‍ണമായും തടസ്സപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങള്‍ പുനസ്ഥാപിച്ച് തുടങ്ങിയിട്ടേയുള്ളൂ. ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്. ആപ്പിള്‍ കര്‍ഷകര്‍ക്ക് ആവശ്യമായ സഹായം നല്‍കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയടക്കമുള്ള പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്.

Top