വംശനാശഭീഷണി മൃഗങ്ങളുടെ പട്ടികയില്‍ നിന്ന് ഹിമപ്പുലി പുറത്ത്

സൂറിച്ച്: മധ്യേഷ്യയിലെ പര്‍വത നിരകളില്‍ കാണപ്പെടുന്ന ഹിമപ്പുലി വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയില്‍ നിന്ന് പുറത്തുകടന്നതായി ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്വര്‍ (ഐയുസിഎന്‍).

വേട്ടയാടലും ആവാസവ്യവസ്ഥയിലെ മാറ്റവും ആണ് ഇവയെ വംശനാശത്തിന്റെ വക്കിലെത്തിച്ചിരുന്നത്. എന്നാല്‍ ഏതാണ്ട് മൂന്നു വര്‍ഷം നീണ്ടുനിന്ന പ്രയത്നത്തിനൊടുവില്‍ ഹിമപ്പുലികള്‍ ഇപ്പോള്‍ അപകടനില തരണം ചെയ്തിരിക്കുകയാണ്.

പാന്തറ എന്ന സംഘടനയുടെ ഹിമപ്പുലി ഗവേഷണ വിഭാഗം മേധാവി ഡോ. ടോം മക്കാര്‍ത്തി അടക്കമുള്ളവരുടെ പരിശ്രമത്തിനൊടുവിലാണ് ഹിമപ്പുലികളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവുണ്ടായത്. ഇപ്പോള്‍ പതിനായിരത്തിനടുത്ത് ഹിമപ്പുലികള്‍ ഉണ്ടെന്നാണ് കണക്ക്. എങ്കിലും ഇവ കടുത്ത വംശനാശ ഭീഷണി നേരിടുന്നുണ്ടെന്നും സംരക്ഷണം ആവശ്യമാണെന്നും മക്കാര്‍ത്തി പറഞ്ഞു.

വംശനാശഭീഷണി സംബന്ധിച്ച് ഐയുസിഎന്നിന്റെ ചുവപ്പു പട്ടികയില്‍ നിലനില്‍പ്പ് അപകടത്തിലായ ചില ജീവികളുടെ വിഭാഗത്തിലാണ് ഇപ്പോള്‍ ഹിമപ്പുലിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യ, പാകിസ്താന്‍, ചൈന, മംഗോളിയ, തജികിസ്താന്‍, ടിബറ്റ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങി 18 രാജ്യങ്ങളിലാണ് ഹിമപ്പുലിയുള്ളത്. മഞ്ഞുമൂടിയ ഹിമശൃംഖങ്ങളില്‍ മാത്രമേ ഹിമപ്പുലിയെ കൂടുതലായി കാണാന്‍ കഴിയുന്നത്.

1972ലാണ് ഇവരെ ആദ്യമായി വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്.

Top