ഡെറാഡൂണ്‍: നാല്പതിലേറെ ആടുകളേയും ചെമ്മരിയാടുകളേയും കൊന്നതായി കരുതുന്ന ഹിമപ്പുലിയെ പിടികൂടി. ശനിയാഴ്ചയാണ് അധികൃതര്‍ പുലിയെ പിടികൂടിയത്. ഹിമാചല്‍പ്രദേശിലെ ലാഹോള്‍-സ്പിതി ജില്ലയിലെ ഗിയു ഗ്രാമത്തിലാണ് പുലിയുടെ നായാട്ട് അരങ്ങേറിയത്. രണ്ടാഴ്ചയായി പുലിയുടെ ഭീഷണിയുണ്ടെങ്കിലും കഴിഞ്ഞ നാല് ദിവസത്തിനുള്ളിലാണ് പുലി നാല്പത്തിമൂന്ന് മൃഗങ്ങളെ കൊന്നത്.
പിടികൂടിയ പുലിയെ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം കുഫ്രിയിലെ ഹിമാലയന്‍ നേച്ചര്‍ പാര്‍ക്കിലേക്ക് മാറ്റി. ലോക്ക്ഡൗണ്‍ നിലവിലിരിക്കുന്ന സാഹചര്യമായതിനാല്‍ പ്രത്യേക ഗതാഗതസംവിധാനമൊരുക്കിയാണ് പുലിയെ പാര്‍ക്കിലേക്ക് മാറ്റിയത്.
ആടുകളെ കൂട്ടമായി കൊന്നൊടുക്കിയതിനെ തുടര്‍ന്ന് പുലിയെ പിടികൂടാനായി കെണി സ്ഥാപിച്ചിരുന്നു. മൂന്ന് ദിവസം മുമ്പ് ഒരു കന്നുകാലി ഫാമിലൊരുക്കിയ കെണിയിലാണ് പുലി കുടുങ്ങിയത്. തുടര്‍ന്ന് ഗ്രാമീണര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റ് റെയ്ഞ്ചറിന്റെ നേതൃത്വത്തിലെത്തിയ സംഘം പുലിയെ കീഴടക്കുകയായിരുന്നു.
ഹിമാചല്‍ പ്രദേശിന്റെ സംസ്ഥാനമൃഗമായ ഹിമപ്പുലി 9,800-17,000 അടി ഉയരമുള്ള ഹിമാലയമേഖലകളിലാണ് സാധാരണ കണ്ടുവരുന്നത്.