നടനും കാസ്റ്റിങ് ഡയറക്ടറും സംവിധായകനുമായ രാജേഷ് മാധവന്‍ വിവാഹിതനാകുന്നു. ദീപ്തി കാരാട്ട് ആണ് വധു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരുടെയും വിവാഹം. ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടര്‍മാരില്‍ ഒരാളായിരുന്നു ദീപ്തി.
സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമടക്കം നിരവധി പേര്‍ സമൂഹ മാധ്യമങ്ങളിലെത്തി ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചു. ‘അങ്ങനെ അതുറപ്പിച്ചു’ എന്ന അടിക്കുറിപ്പോടെയാണ് ഇരുവരുടെയും ചിത്രങ്ങള്‍ ഇവര്‍ പങ്കുവച്ചത്. കാസര്‍കോഡ് കൊളത്തൂര്‍ സ്വദേശിയാണ് രാജേഷ്. ടെലിവിഷന്‍ പരിപാടികളുടെ അമരക്കാരനായി കരിയര്‍ ആരംഭിച്ച രാജേഷ് അപ്രതീക്ഷിതമായാണ് സിനിമയില്‍ എത്തുന്നത്. സനല്‍ അമന്റെ ‘അസ്തമയം വരെ’ എന്ന ചിത്രത്തില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായിട്ടാണ് രാജേഷിന്റെ തുടക്കം.
‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് രാജേഷ് അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഫഹദ് ഫാസില്‍ നായകനായ ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്തു. സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത രാജേഷ് പല സിനിമകളുടെയും കാസ്റ്റിങ് ഡയറക്റ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം മികച്ച ചിത്രമായ ‘തിങ്കളാഴ്ച നിശ്ചയ’മെന്ന സിനിമയുടെ കാസ്റ്റിങ് നിര്‍വഹിച്ചത് രാജേഷ് മാധവനും വിനീത് വാസുദേവനും ചേര്‍ന്നാണ്. ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ കാസ്റ്റിങ് ഡയറക്ടറും രാജേഷ് ആയിരുന്നു. ഈ ചിത്രത്തില്‍ രാജേഷ് അവതരിപ്പിച്ച സുരേശന്‍ എന്ന കഥാപാത്രം വന്‍ ജനശ്രദ്ധയും നേടിയിരുന്നു.
കനകം കാമിനി കലഹം, 18 പ്ലസ്, നീലവെളിച്ചം മിന്നല്‍മുരളി തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ രാജേഷ് അവതരിപ്പിച്ചിട്ടുണ്ട്. ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തില്‍ രാജേഷ് മാധവനും ചിത്രയും അവതരിപ്പിച്ച സുരേഷ്, സുമലത എന്നീ കഥാപാത്രങ്ങളെ നായകനും നായികയുമാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രവും ഉടന്‍ തന്നെ റിലീസ് ചെയ്യും. ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ” എന്നാണ് സിനിമയുടെ പേര്. ‘പെണ്ണും പൊറാട്ടും’ എന്ന ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലുമാണ് രാജേഷ് മാധവന്‍.