കുതിച്ചുയരുന്ന തക്കാളി വില; കഴുത്തില്‍ തക്കാളി മാലയണിഞ്ഞ് എംപി സുശീല്‍ ഗുപ്തയുടെ വ്യത്യസ്ത പ്രതിഷേധം

ന്യൂഡല്‍ഹി: രാജ്യത്ത് തക്കാളി വില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ആം ആദ്മി പാര്‍ട്ടി എംപി സുശീല്‍ ഗുപ്തയുടെ വ്യത്യസ്ത പ്രതിഷേധം. വിലക്കയറ്റത്തിനെതിരെ കഴുത്തില്‍ തക്കാളിയും ഇഞ്ചിയും കൊണ്ടുണ്ടാക്കിയ മാല അണിഞ്ഞാണ് എംപി പാര്‍ലമെന്റിലെത്തിയത്. വിലക്കയറ്റത്തില്‍ പൊതുജനം വലയുകയാണെന്നും ഇത്തരമൊരു സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ ഉണര്‍ത്തേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയാന്‍ കേന്ദ്രം ഇടപെടുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തക്കാളി മാല ധരിച്ച സുശീല്‍ ഗുപ്തയുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിലക്കയറ്റത്തിന്റെ തീയില്‍ രാജ്യം മുഴുവന്‍ എരിയുകയാണ്. ഇത് തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ഇന്ധനവില 100 രൂപ കടന്നു. വിലക്കയറ്റത്തെക്കുറിച്ചോ മണിപ്പൂരിനെക്കുറിച്ചോ സര്‍ക്കാര്‍ സംസാരിക്കുന്നില്ല. അതുകൊണ്ടാണ് ഇന്ന് തക്കാളിമാലയും അണിഞ്ഞ് സഭയില്‍ വന്നത് എന്നും എഎപി എംപി കൂട്ടിച്ചേര്‍ത്തു.

Top