കുതിച്ചുയര്‍ന്ന് തക്കാളി വില; മോഷണം തടയാന്‍ കൃഷിയിടത്തില്‍ സി.സി.ടി.വി കാമറ സ്ഥാപിച്ച് കര്‍ഷകന്‍

മുംബൈ: രാജ്യത്ത് തക്കാളി വില കുതിച്ചുയരുന്നതിനിടെ മോഷണം തടയാന്‍ കൃഷിയിടത്തില്‍ സി.സി.ടി.വി കാമറ സ്ഥാപിച്ച് കര്‍ഷകന്‍. മഹാരാഷ്ട്ര ഛത്രപതി സാംബജി നഗറിലാണ് സംഭവം. ശരത് റാവത്ത് എന്ന കര്‍ഷകനാണ് 22,000 രൂപ ചെലവിട്ട് സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചത്. മഹാരാഷ്ട്രയില്‍ കിലോക്ക് 160 രൂപ വരെയാണ് നിലവില്‍ തക്കാളി വില.

വില വര്‍ധിച്ചതോടെ പലയിടത്തും തക്കാളി മോഷണവും കവര്‍ച്ചയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കര്‍ണാടകയിലെ കോലാറില്‍നിന്ന് രാജസ്ഥാനിലെ ജയ്പൂരിലേക്ക് കൊണ്ടുപോകുകയായിരുന്ന 21 ലക്ഷം രൂപ വിലമതിക്കുന്ന തക്കാളിയും ലോറിയും കഴിഞ്ഞ ദിവസം കാണാതായിരുന്നു. ഝാര്‍ഖണ്ഡില്‍ പച്ചക്കറി മാര്‍ക്കറ്റിലെ കടകളില്‍നിന്ന് 40 കിലോ തക്കാളി മോഷണം പോയ സംഭവവും ഉണ്ടായി. 66 കടകളില്‍ നിന്നായാണ് മോഷണം. തക്കാളിയോടൊപ്പം 10 കിലോഗ്രാം ഇഞ്ചിയും രണ്ട് ലക്ഷം വിലമതിക്കുന്ന ത്രാസുകളും മോഷണം പോയിട്ടുണ്ടെന്ന് കച്ചവടക്കാര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Top