ഇതുപോലൊരു കാപട്യക്കാരനെ കണ്ടിട്ടില്ല; ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി കഴക്കൂട്ടം ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍. ഇതുപോലെ കാപട്യക്കാരനെ താന്‍ കണ്ടിട്ടില്ല. കാട്ടായിക്കോണം സംഘര്‍ഷം തന്നെ കുരുക്കാന്‍ വേണ്ടി ഉണ്ടാക്കിയതാണെന്നും കേന്ദ്ര ഇടപെടല്‍ കൊണ്ടാണ് നടപടിക്ക് പൊലീസ് തയ്യാറായതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

സിപിഎം പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് നടപടി, കേരള പൊലീസിന് മുകളില്‍ ഒരു പൊലീസുണ്ടെന്ന് കടകംപള്ളിയെ ബോധ്യപ്പെടുത്താന്‍ വേണ്ടിയായിരുന്നു. കേന്ദ്ര ഇടപെടല്‍ കൊണ്ടാണ് പൊലീസ് നടപടിക്ക് തയാറായത്. തനിക്ക് വോട്ട് ചെയ്യാന്‍ പോലും കഴിഞ്ഞില്ല. കടകംപള്ളി പറഞ്ഞാല്‍ പൊലീസ് തൊപ്പി ഊരി പാര്‍ട്ടി നേതാക്കളുടെ തലയില്‍ വെച്ചു കൊടുക്കുമെന്ന് ഇനി കരുതണ്ട എന്നും ശോഭ പറഞ്ഞു.

കഴക്കൂട്ടത്ത് ബിജെപി വിജയിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചു. താഴെ തട്ടില്‍ പ്രവര്‍ത്തനം നടന്നത് എണ്ണയിട്ട യന്ത്രം പോലെയായിരുവെന്നും യുഡിഎഫ് വോട്ടുകള്‍ ബിജെപിക്ക് കിട്ടുമെന്ന് ശോഭ പറഞ്ഞു. ബിജെപിയുടെ ഓരോ വോട്ടും ഇരുമ്പുമറ കെട്ടി സംരക്ഷിച്ച് ഉറപ്പാക്കിയിട്ടുണ്ട്. കെ സുരേന്ദ്രനോട് സ്‌നേഹമുള്ള സഖാക്കള്‍ മഞ്ചേശ്വരത്ത് സുരേന്ദ്രന് വോട്ട് ചെയ്ത് കാണുവെന്നും ശോഭാ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

 

Top