തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായിവിജയനേയും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനേയും രൂക്ഷഭാഷയിൽ വിമർശിച്ച് ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രൻ. പിണറായി വിജയനെ കണ്ട് സൂര്യൻ എന്ന് വിളിക്കാൻ ഗോവിന്ദൻ മാഷിന് തോന്നിയിട്ടുണ്ടെങ്കിൽ അദ്ദേഹത്തെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കണമെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു.
പിണറായി വിജയൻ ചെയ്യേണ്ടിയിരുന്നത് കേരളത്തിലെ ജനങ്ങൾക്കും പ്രകൃതിക്കും പെൺകുട്ടികൾക്കും സൂര്യനായി വർത്തിക്കുകയായിരുന്നു. എന്നാൽ, പലവിഭാഗങ്ങളേയും കരിച്ചുകളഞ്ഞുകൊണ്ട്, കേരളത്തെ തകർത്തുകൊണ്ട് മുന്നോട്ടുപോകുന്ന പിണറായി വിജയനെ കേന്ദ്ര ഏജൻസികൾ ചോദ്യംചെയ്യും. പിണറായി വിജയന്റെ വീട്ടുപടിക്കലേക്കും കേന്ദ്ര ഏജൻസികൾ എത്തും, ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ഇ.ഡി. പ്രത്യേക പാർട്ടിയുടെ ആളുകളല്ലെന്ന് പറഞ്ഞ ശോഭാ സുരേന്ദ്രൻ, പെട്ടി ഓട്ടോറിക്ഷയിൽ നിറയെ കയറ്റാനാവശ്യമായ അന്വേഷണ റിപ്പോർട്ട് ഉണ്ടാക്കാനും ജനങ്ങളെ ചോദ്യം ചെയ്യാനും ഇ.ഡിക്ക് സാധിച്ചുവെന്നും പറഞ്ഞു.
സംസ്ഥാന സെക്രട്ടറിയായിട്ട് പിണറായി വിജയൻ ഇരിക്കുമ്പോൾ മുഖ്യമന്ത്രിയെക്കൊണ്ടുപോലും ഉരിയാടിച്ചിട്ടില്ല. ഗോവിന്ദൻ മാസ്റ്റർ സംസ്ഥാന സെക്രട്ടറിയായി കസേരയിൽ ഇരിക്കുമ്പോൾ തലക്കുമുകളിൽ ഡെമോക്ലസിന്റെ വാളായിട്ടാണ് ഈ സൂര്യൻ പ്രവർത്തിക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
സൂര്യനുമല്ല, ഒരു മണ്ണാങ്കട്ടയുമല്ല എന്ന അവസ്ഥയിലേക്കാണ് കേരളത്തിന്റെ മുഖ്യമന്ത്രി മാറിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് മറിയച്ചേടത്തിക്ക് ചട്ടിയെടുത്തുകൊണ്ട് ജനങ്ങളുടെ മുമ്പിലേക്ക് ഇറങ്ങിവരേണ്ടിവന്നത്. സൂര്യന്റെ പ്രവൃത്തി എന്നത് വ്യത്യസ്തതയില്ലാതെ എല്ലാവർക്കും വേണ്ടി പ്രകാശിക്കുകയാണ്. എന്നാൽ ചിലർക്കുവേണ്ടി മാത്രം പ്രകാശിക്കുന്ന ഈ മനുഷ്യനെക്കണ്ട് സൂര്യനെന്ന് വിളിക്കാൻ ഗോവിന്ദൻ മാഷിന് തോന്നിയിട്ടുണ്ടെങ്കിൽ അടുത്തുതന്നെ അദ്ദേഹത്തെ മാനസികരോഗാശുപത്രിയിലാക്കണം, ശോഭാ സുരേന്ദ്രൻ പറഞ്ഞു.