ഒരു കൂട്ടം പുതിയ ചെറുപ്പക്കാര്‍ ചേര്‍ന്ന് ചെറിയ ബഡ്ജറ്റില്‍ ചിത്രീകരിച്ച ‘ഡോ. സ്വീറ്റ് ഹാര്‍ട്ട്’ എന്ന ഷോര്‍ട്ട് ഫിലിം യൂട്യൂബില്‍ റിലീസ് ചെയ്തു. ത്രില്ലര്‍ ചിത്രങ്ങള്‍ തുടരെ വന്നുകൊണ്ടുരിക്കുന്ന ഈ സമയത്ത് മികച്ച രീതിയിലാണ് ഒരു ത്രില്ലര്‍ ഷോര്‍ട്ട് ഫിലിം സംവിധായകന്‍ അനന്ദു അജന്തകുമാര്‍ ഒരുക്കിയിരിക്കുന്നത്.
ഒരു വൈകിയ രാത്രി ഒഫീഷ്യല്‍ മീറ്റിംഗ് കഴിഞ്ഞു തൃശൂര്‍ നിന്നും തിരുവനന്തപുരത്തേക്കു വരുന്ന ഹര്‍ഷന്‍ എന്ന ചെറുപ്പക്കാരന് രാത്രിയില്‍ നേരിടേണ്ടി വരുന്ന ഒരു അപകടവും അതയയാളുടെ ജീവിതത്തെ ആകെ മാറ്റുന്നതുമാണ് കഥാ പശ്ചാത്തലം. സമൂഹ മാധ്യമങ്ങളില്‍ നിന്നും വളരെ മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നോട്ട് പോകുന്ന ഡോ. സ്വീറ്റ്ഹാര്‍ട്ട് സാങ്കേതിക വശങ്ങളിലും മികവ് പുലര്‍ത്തുന്നു.
സ്ട്രീറ്റ് ലൈറ്റുകള്‍ മാത്രം ഉപയോഗിച്ച് അച്യുത് കൃഷ്ണന്‍ ക്യാമറയില്‍ പകര്‍ത്തിയ രാത്രി ദൃശ്യങ്ങളും, ലിനോയ് വര്‍ഗീസ് പാറിടയിലിന്റെ എഡിറ്റിംഗ് രീതിയും കിരണ്‍- ശരത് കൂട്ടു കെട്ടിന്റെ സംഗീതവും എല്ലാം പ്രേഷകനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു.
അരവിന്ദ് ദീപു, ശ്രീകുമാര്‍ രാമകൃഷ്ണന്‍ , ജെറി മാത്യൂ, രൂപേഷ് രാജ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തുരിക്കുന്നു. എ സ്‌ക്വയര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ രഞ്ജിത് രാഘവന്‍, അനന്ദു അജന്തകുമാര്‍ , അബിന്‍ മോഹന്‍ എന്നിവര്‍ ചെന്നാണ് ഷോര്‍ട്ട് ഫിലിം നിര്‍മിച്ചിരിക്കുന്നത്. ഡോ. സ്വീറ്റ്ഹാര്‍ട്ട് എന്ന കഥാപാത്രത്തെ കുറിച്ചുള്ള സംശയങ്ങള്‍ നിലനിര്‍ത്തിയാണ് ചിത്രം അവസാനിക്കുന്നത്. ചിത്രത്തിനു തുടര്‍ഭാഗങ്ങള്‍ ഉണ്ടായേക്കും എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.