സാമൂഹ്യ പ്രവര്‍ത്തക ഇലീന സെന്‍(69) അന്തരിച്ചു. കാന്‍സര്‍ ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു. ഛത്തിസ്ഗഡിലെ ഖനിതൊഴിലാളികളുടെയും ആദിവാസികളുടെയും അവകാശങ്ങള്‍ക്കായി പേരാടിയ സാമൂഹ്യ പ്രവര്‍ത്തകയാണ് ഇലീന. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ. ബിനായക് സെന്നിന്റെ ഭാര്യയാണ്.
കോര്‍പറേറ്റ് ചൂഷണങ്ങള്‍ക്കെതിരെ ഛത്തിസ്ഗഡിലെ ഖനിത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ മുന്നിലുണ്ടായിരുന്നു ഇലീന. മാവോയിസ്റ്റുകളെ നേരിടാന്‍ എന്ന പേരില്‍ രൂപം കൊടുത്ത സല്‍വ ജുദുമിനെതിരായ ബിനായകിന്റെ പോരാട്ടത്തിനൊപ്പവും ഇലീനയുണ്ടായിരുന്നു. ബിനായക് സെന്നിനെ സര്‍ക്കാര്‍ പിന്നീട് വേട്ടയാടിയത് സാല്‍വ ജുദൂമിനെ എതിര്‍ത്തതുകൊണ്ടാണെന്ന് ഇലീന പറയുകയുണ്ടായി.
ബിനായക് സെന്നിനെ ജയിലില്‍ അടച്ചപ്പോള്‍ മോചനത്തിനായി നീണ്ട നിയമ പോരാട്ടവും അവര്‍ നടത്തി. രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലില്‍ അടയ്ക്കപ്പെട്ട ബിനായക് സെന്നിന് പിന്നീട് സുപ്രീംകോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
വാര്‍ധയിലെ മഹാത്മാഗാന്ധി ഇന്റര്‍നാഷനല്‍ ഹിന്ദി യൂണിവേഴ്‌സിറ്റിയില്‍ പ്രഫസറായിരുന്നു ഇലീന. ഇന്‍സൈഡ് ഛത്തിസ്ഗഡ്: എ പൊളിറ്റിക്കല്‍ മെമ്മയര്‍, സുഖവാസിന്‍: ദി മൈഗ്രന്റ് വുമന്‍ ഓഫ് ഛത്തിസ്ഗഡ് എന്നീ പുസ്തകങ്ങള്‍ എഴുതി.